ഉത്തർപ്രദേശിലെ 185 വർഷം പഴക്കമുള്ള മുസ്ലീം പള്ളിയുടെ ഒരു ഭാഗം പൊളിച്ചുനീക്കി. ഫത്തേപ്പൂർ ജില്ലയിലെ നൂരി മസ്ജിദിന്റെ ഭാഗമാണ് പൊളിച്ചത്. ബന്ദ-ബഹ്‌റൈച്ച് ഹൈവേയുടെ ഭാഗം കൈയേറി നിർമ്മിച്ചത് എന്നാരാേപിച്ചായിരുന്നു നടപടി. ബുൾഡോസർ രാജ് അനുവദിക്കാവാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി ദിവസങ്ങൾക്കുശേഷമാണ് പള്ളി പൊളിച്ചത്. കൈയേറിയ ഭാഗമാണ് പൊളിച്ചതെന്ന് വ്യക്തമാക്കാൻ പള്ളിയുടെ ഉപഗ്രഹ ചിത്രങ്ങളോടൊപ്പം ചരിത്രപരമായ ചിത്രങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. പള്ളിയുടെ ചില ഭാഗങ്ങളിൽ അനധികൃത നിർമാണം നടന്നുവെന്നും അത് പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഓഗസ്റ്റിന് പള്ളിക്ക് നോട്ടീസ് നൽകിയിരുന്നു എന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്.
സാദ്ധ്യമായതെല്ലാം ചെയ്യാമെന്നും അതിന് ഒരുമാസത്തെ സമയം വേണമെന്നും പള്ളി കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. സമയം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് പൊളിച്ചുനീക്കാൻ തീരുമാനിച്ചതെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. ഹൈവേ വീതികൂട്ടുന്നതിന് തടസമായി നിലകൊണ്ട പള്ളിയുടെ ഇരുപതുമീറ്ററോളം ഭാഗങ്ങളാണ് പൊളിച്ചുനീക്കിയതെന്നും അധികൃതർ പറയുന്നു. ശേഷിച്ച ഭാഗം നിലനിറുത്തിയിട്ടുണ്ട്. സ്ഥലത്തുനിന്ന് അവശിഷ്ടങ്ങൾ നീക്കംചെയ്യുന്ന നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
എന്നാൽ പൊതുമരാമത്ത് വകുപ്പിന്റെ അവകാശവാദത്തെ പള്ളിക്കമ്മിറ്റി തള്ളിക്കളഞ്ഞു. ‘ലാലൗലിയിലെ നൂരി മസ്ജിദ് 1839ൽ നിർമ്മിച്ചതാണ്. എന്നാൽ ഇവിടത്തെ റോഡ് 1956ൽ നിർമ്മിച്ചതാണ്, എന്നിട്ടും പി ഡബ്ല്യു ഡി പള്ളിയുടെ ചില ഭാഗങ്ങൾ നിയമവിരുദ്ധമാണെന്ന് പറയുന്നു’ നൂറി മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി ചീഫ് മുഹമ്മദ് മൊയിൻ ഖാൻ പറഞ്ഞു. പള്ളി പൊളിച്ചതിന്റെ ഭാഗമായി സംഘർഷങ്ങൾ ഉണ്ടാകുമെന്ന ഭയത്തിൽ കൂടുതൽ പൊലീസിനെയും ദ്രുതകർമ്മസേനയെയും വിന്യസിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ സംഘർഷങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.