ദക്ഷിണ കൊറിയൻ മുൻ പ്രതിരോധ മന്ത്രി കിം യോങ് ഹ്യൂൻ കസ്റ്റഡിയിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്ട്. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസിഡന്റിന്റെ നീക്കത്തിന് പിന്നിൽ കിം യോങ് ഹ്യൂൻ ആണെന്ന് ആരോപിച്ച് ഞായറാഴ്ച അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. അനൗദ്യോഗിക തടങ്കലായിരുന്ന ഹ്യൂനിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുന്നതിനു മിനിറ്റുകൾക്ക് മുൻപാണ് ആത്മഹത്യാ ശ്രമം. പാർലമെൻ്ററി ഹിയറിങ്ങിനിടെ, കൊറിയ കറക്ഷണൽ സർവീസ് കമീഷണർ ജനറലാണ് ഹ്യൂൻ സ്വയം ജീവനൊടുക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തിയത്. തന്റെ വസ്ത്രങ്ങൾ ഉപയോഗിച്ചു തൂങ്ങി മരിക്കാനായിരുന്നു ശ്രമമെന്നാണ് അധികൃതർ പറയുന്നത്.
എന്നാൽ ആത്മഹത്യ ശ്രമം തടഞ്ഞതായും അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ അപകടമൊന്നുമില്ലെന്നും റിപ്പോർട്ടുകൾ വെളിപ്പെടുത്തി. ഡിസംബർ മൂന്നിന് രാത്രിയാണ് പ്രസിഡന്റ് യൂൻ സുക് യോൾ രാജ്യത്ത് അപ്രതീക്ഷിതമായി പട്ടാള നിയമം പ്രഖ്യാപിച്ചത്. പ്രതിപക്ഷം കമ്യൂണിസ്റ്റ് രാജ്യമായ ഉത്തര കൊറിയക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നെന്ന് ആരോപിച്ചായിരുന്നു പ്രസിഡന്റിന്റെ നീക്കം. എന്നാൽ, സമ്മർദ്ദം ശക്തമായതോടെ ആറ് മണിക്കൂറിനുള്ളിൽ യൂൻ തന്നെ നിയമം പിൻവലിച്ചു. പ്രതിരോധ മന്ത്രിയെന്ന നിലയിൽ പട്ടാള നിയമം പ്രഖ്യാപിച്ചതിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് കഴിഞ്ഞ ബുധനാഴ്ച ഹ്യൂൻ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.