പിണറായിയിൽ ആക്രമിക്കപ്പെട്ട കോൺഗ്രസ് ഓഫീസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ ഗ്രാമത്തിൽ മറ്റ് കക്ഷികൾ പ്രവർത്തിക്കാൻ പാടില്ലെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഒരു പാർട്ടി ഓഫീസാണ് പെട്രോൾ ഒഴിച്ച് കത്തിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്യേണ്ട ദിവസം രാവിലെയാണ് സംഭവം. എന്തൊരു ജനാധിപത്യമാണ് കേരളത്തിൽ. മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തിൽ മറ്റൊരു പാർട്ടിക്കും പ്രവർത്തിക്കാൻ അവസരം നൽകില്ലെന്നു പറയുന്ന ഈ ഏകാധിപത്യത്തിന് ഏകാധിപതിയായ മുഖ്യമന്ത്രി ഇതിന് ഉത്തരം പറയണം. ഉത്തരവാദികളായ മുഴുവൻ ആളുകൾക്കെതിരെയും നടപടി സ്വീകരിക്കണം. ജീവൻ പണയം വെച്ചു പ്രവർത്തിക്കുന്ന പ്രവർത്തകരെ കാണാൻ ആണ് ഞാനിവിടെ എത്തിയത്.- വി.ഡി സതീശൻ പറഞ്ഞു.
ഡിസംബർ എട്ടിനാണ് പിണറായി വെണ്ടുട്ടായിയിൽ കോൺഗ്രസ് ഓഫീസ് തീവെച്ച് നശിപ്പിച്ചത്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് ഓഫീസിന് തീയിട്ടത്. ഓഫീസിലെ സിസിടിവികളെല്ലാം അക്രമികൾ എടുത്തുകൊണ്ടുപോയിരുന്നു. കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസിനാണ് തീയിട്ടത്.