Kerala

ഗുരുവായൂരിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹ‍ര്‍ജി; ദേവസ്വം ഭരണസമിതിക്ക് നോട്ടീസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃശ്ചിക മാസ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹര്‍ജിയില്‍ നോട്ടീസയച്ച് സുപ്രീം കോടതി. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്കാണ് നോട്ടീസയച്ചത്. ആചാരങ്ങള്‍ അതേപടി തുടരേണ്ടതായിരുന്നു എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വെബ്‌സൈറ്റിലെ പൂജയുമായി ബന്ധപ്പെട്ട പട്ടിക അതുപോലെ നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

തിരക്ക് നിയന്ത്രിക്കാന്‍ ഭരണസമിതി മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തണമായിരുന്നുവെന്നും ജെ കെ മഹേശ്വരി അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. പൂജ മാറ്റുന്നത് ആചാരത്തിന്റെയും ദേവഹിതത്തിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തന്ത്രി കുടുംബമായ ചേന്നാസ് ഇല്ലമാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ ഉദയാസ്തമന പൂജ ആചാരമല്ല, വഴിപാട് മാത്രമാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.

വൃശ്ചിക മാസത്തിലെ ഏകാദശി നാളിലെ ഉദയാസ്തമയ പൂജ തുലാം മാസത്തിലെ ഏകാദശി നാളിൽ നടത്താനുള്ള ഗുരുവായൂർ ദേവസ്വം തീരുമാനമാണ് കോടതിയിലെത്തിയത്.

അതേസമയം, ഇന്നാണ് വിശ്വപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി. ഗുരുവായൂരിലെ ആണ്ട് വിശേഷങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതാണ് ഗുരുവായൂര്‍ ഏകാദശി. ഇതിന്റെ ഭാഗമായി വിപുലമായ ആഘോഷങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുള്ളത്.