ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ എടുത്ത 32 കേസുകളിൽ നിലവിൽ അന്വേഷണം നടന്നുവരികയാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇതിൽ 11 കേസുകളും ഒരൊറ്റ അതിജീവിതയുമായി ബന്ധപ്പെട്ടതാണെന്നും സർക്കാർ അറിയിച്ചു. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയ ആരെയൊക്കെ ബന്ധപ്പെടണമെന്ന് അന്വേഷണ സംഘത്തിന് തീരുമാനിക്കാം എന്ന് കോടതി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ പരിഗണിക്കവെയാണ് അന്വേഷണ പുരോഗതിയെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.
റിപ്പോര്‍ട്ടിന്മേല്‍ എടുത്ത 32 കേസുകളില്‍ നിലവില്‍ അന്വേഷണം നടന്നുവരികയാണ്. നാല് കേസുകള്‍ പ്രാഥമികാന്വേഷണം നടത്തിയപ്പോള്‍ തെളിവുകളില്ലാത്തതിനാല്‍ അവസാനിപ്പിച്ചു. 4 കേസുകളില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് അന്വേഷണ സംഘം ഡിജിപിയുടെ അനുമതി തേടിയിരിക്കുകയാണ്. ഭീഷണി നേരിടുന്ന അതിജീവിതകളുടെ സംരക്ഷണത്തിന് നോഡല്‍ ഓഫീസറായി പ്രത്യേക അന്വേഷണ സംഘത്തിലെ എഐജി ജി.പൂങ്കഴലിയെ നിയമിച്ച കാര്യവും സര്‍ക്കാര്‍ അറിയിച്ചു.