ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടയില്‍ വീഡിയോഗ്രാഫര്‍ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗതാഗത നിയമങ്ങള്‍ നഗ്‌നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.
സംസ്ഥാന പോലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് 4 ആഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് ബീച്ചില്‍ യുവാവ് മരിക്കാനിടയായ സംഭവത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി കോഴിക്കോട് പോലീസ് കമ്മീഷണര്‍ 4 ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ജനുവരി 30 ന് രാവിലെ 10.30 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
ഇത്തരം സംഭവങ്ങള്‍ മത്സരഓട്ടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പുറമേ മറ്റ് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാണെന്ന് ഉത്തരവില്‍ പറഞ്ഞു. സമൂഹമാധ്യമത്തില്‍ ജനപ്രീതിയുണ്ടാക്കാന്‍ അപകടകരമായ നിലയില്‍ റീലുകള്‍ ചിത്രീകരിക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. ഇത്തരം ചിത്രീകരണങ്ങള്‍ക്കായി ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തി അപകടരമായി വാഹനം ഓടിക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുന്നു.
മത്സര ഓട്ടങ്ങള്‍ക്കായുള്ള മൈതാനമായി പൊതുനിരത്തുകളെ മാറ്റുന്ന വര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അഡ്വ.വി.ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് ഇടപെടല്‍.
CONTENT HIGHLIGHTS;No shooting reels in middle of road: Human Rights Commission wants police to take strict action; The DGP has to submit the report within four weeks