Kerala

കരിങ്ങാലി വെള്ളം കാണുമ്പോൾ ബിയറാണെന്ന് തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് ചിന്താ ജെറോം

കരിങ്ങാലി വെള്ളം കാണുമ്പോൾ ബിയറാണെന്ന് തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് സിപിഎം പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം. കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ ബിയർ ഉപയോ​ഗിച്ചെന്ന രീതിയിൽ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഇതിനാണ് ചിന്ത ഫേയ്സ്ബുക്കിലൂടെ വിശദീകരണം നൽകിയത്. ‘കരിങ്ങാലി വെള്ളകുപ്പി കാണുമ്പോൾ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണം. സിപിഎം കൊല്ലം ജില്ലാ സമ്മേളനം വളരെ മാതൃകാപരമായ രീതിയിൽ ആണ് സംഘടിപ്പിപ്പെടുന്നത്. ഇത് മറച്ചുപിടിക്കുന്നതിന് കൂടിയാകാം ബോധപൂർവം അർത്ഥശൂന്യമായ ചില പരിഹാസങ്ങളും വിമർശനങ്ങളുമായി ഒരുകൂട്ടർ ഇറങ്ങി പുറപ്പെടുന്നത്. വരുംകാലത്തിൻ്റെ രാഷ്ട്രീയ ബോധ്യങ്ങളെയും സമര രൂപങ്ങളെയും നിർണയിക്കാനുള്ള പ്രധാനപ്പെട്ട ചർച്ചകളുടെ ഇടമാണ് പാർട്ടിയെ സംബന്ധിച്ച് ഓരോ സമ്മേളനവും.’- ചിന്ത കുറിച്ചു.

‘പ്രയോഗത്തിൻ്റെ പ്രത്യയശാസ്ത്ര രൂപമാണ് മാർക്സിസം. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച്, ഹരിത രാഷ്ട്രീയത്തിൻ്റെ മാതൃകാ പാഠങ്ങൾ പകർത്തിയാണ് പാർട്ടിയുടെ സമ്മേളനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. അതിൻ്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന കുപ്പിയിൽ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയിൽ വിതരണം ചെയ്തത്.’- എന്നാണ് ചിന്തയുടെ വാക്കുകൾ.

‘ഇതിൻ്റെ ചിത്രങ്ങൾ ബിയർ കുപ്പിയാണ് എന്ന മട്ടിലാണ് സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ ‘ നന്നാക്കികൾ’ പ്രചരിപ്പിക്കുന്നത്. സത്യാനന്തര രാഷ്ട്രീയത്തിൽ എങ്ങനെയാണ് അസത്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നത് എന്നതിൻ്റെ സാക്ഷ്യമാണ് നിലവിലെ ബിയർ കുപ്പി പരിഹാസം. പുള്ളിപ്പുലിയുടെ പുള്ളികൾ ഒരിക്കലും മായില്ല എന്ന് ബോർഹസ് പറഞ്ഞതുപോലെ, രാഷ്ട്രീയ അന്ധത ബാധിച്ച ഇടതുപക്ഷ വിരുദ്ധർ – അസത്യ പ്രചാരകർ കള്ളങ്ങൾ തുടർന്നു കൊണ്ടേയിരിക്കും. അവർ എത്രയും വേഗം തങ്ങളുടെ മാനസിക നില പരിശോധിക്കാൻ തയ്യാറാവണം.’- എന്നായിരുന്നു അവരുടെ വാക്കുകൾ.