ഐടി സർവീസസ്, കണ്‍സള്‍ട്ടിങ്, ബിസിനസ് സൊലൂഷൻസ് രംഗത്തെ ആഗോള മുന്‍നിരക്കാരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 2025-ലെ സൈബര്‍ സെക്യൂരിറ്റി അവലോകനം പുറത്തിറക്കി. വരും വര്‍ഷത്തില്‍ ഉണ്ടായേക്കാവുന്ന സൈബർ ഭീഷണികളുടെ പശ്ചാത്തലത്തില്‍ മുന്നോട്ടു പോകാന്‍ ജെനറേറ്റീവ് നിര്‍മിത ബുദ്ധി (ജെന്‍എഐ), ക്ലൗഡ് സുരക്ഷ, സപ്ലെ ചെയിന്‍ സുരക്ഷ തുടങ്ങിയവ സ്ഥാപനങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതായി മാറുമെന്ന് അവലോകനം പറയുന്നു.
പുതുതലമുറാ സാങ്കേതികവിദ്യകള്‍ വിവിധ വ്യവസായങ്ങളില്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിന് ഒപ്പം പുതിയ വെല്ലുവിളികളും മുന്നിലെത്തും. സൈബര്‍ സുരക്ഷയെ സംബന്ധിച്ച് നിര്‍ണായകമായ മേഖലകള്‍ ടിസിഎസിലെ വിദഗ്ദ്ധര്‍ കണ്ടെത്തി. ഇത് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ സ്ഥാപനങ്ങള്‍ക്ക് അവരുടെ സുരക്ഷാ സംബന്ധിയായ കാര്യങ്ങള്‍ക്ക് മുൻഗണന കൊടുക്കുവാൻ സഹായിക്കും.
വർധിച്ചു വരുന്ന സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജെന്‍എഐ പ്രയോജനപ്പെടുത്തി തങ്ങളുടെ ബിസിനസ് സുരക്ഷിതമാക്കാന്‍ സ്ഥാപനങ്ങള്‍ ശ്രമിക്കേണ്ടതുണ്ടെന്ന് ടിസിഎസിന്‍റെ 2025-ലെ സൈബര്‍ സെക്യൂരിറ്റി അവലോകനം ചൂണ്ടിക്കാട്ടുന്നു. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ വന്‍ മാറ്റം വരുത്തുന്ന വിധത്തിലാണ് ജെന്‍എഐ എത്തിയിരിക്കുന്നത്. ഇതേ സമയം സൈബര്‍ ക്രിമിനലുകളും ഈ സാഹചര്യം ചൂഷണം ചെയ്യുകയാണ്. ഡീപ്ഫെയ്‌ക്ക്, ഫിഷിങ്, ഡേറ്റാ ദുരുപയോഗം, പുതിയ മാല്‍വെയറുകള്‍ തുടങ്ങിയവയ്ക്കായി ഇത് ഉപയോഗിക്കുന്നു. ജെന്‍എഐ ശക്തിയോടു കൂടിയ സൈബർ ഭീഷണി കണ്ടെത്തല്‍ സംവിധാനങ്ങളും പ്രതികരണ സംവിധാനങ്ങളും വിനിയോഗിക്കണം.
ക്ലൗഡ് കംപ്യൂട്ടിങ് ഏറെ വിപുലമായി സ്വീകരിക്കപ്പെടുന്ന സാഹചര്യത്തില്‍ സ്ഥാപനങ്ങള്‍ കൂടുതല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. എന്‍ക്രിപ്ഷന്‍, ആക്‌സസ് നിയന്ത്രണം, സ്ഥിരമായ നിരീക്ഷണം എന്നിവയാണ് ഇവിടെ വേണ്ടത്. മാറുന്ന ഭൗമ-രാഷ്ട്രീയ പശ്ചാത്തലങ്ങള്‍, പങ്കാളിത്ത സംവിധാനങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ പ്രതിരോധ ശക്തിയുള്ള സപ്ലെ ചെയിനുകളും ഏറെ പ്രസക്തമാകും. ബിസിനസുകള്‍ക്ക് രൂപകല്‍പനയിൽ തന്നെയുള്ള സുരക്ഷ പ്രധാനപ്പെട്ടതാകും. സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാനായി 2026-ഓടെ വന്‍കിട സ്ഥാപനങ്ങള്‍ സീറോ ട്രസ്റ്റ് രീതികള്‍ നടപ്പിലാക്കും. ഇതിനായി സൈബര്‍ സെക്യൂരിറ്റി മെഷ് ആർക്കിടെക്‌ചറിലേക്ക് സ്ഥാപനങ്ങള്‍ നീങ്ങേണ്ടി വരും.
ഭൗമ-രാഷ്ട്രീയ തലത്തിലുള്ള മാറ്റങ്ങള്‍, വളര്‍ന്നു വരുന്ന സാങ്കേതികവിദ്യ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ ആഗോള സൈബര്‍ സുരക്ഷ സുപ്രധാന മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് ടിസിഎസിലെ സൈബര്‍ സെക്യൂരിറ്റി ഗ്ലോബൽ ഹെഡ് ഗണേശ സുബ്രഹ്മണ്യന്‍ വൈകുണ്‌ഠം ചൂണ്ടിക്കാട്ടി. ജെന്‍എഐ പ്രവര്‍ത്തന മികവുകള്‍ വര്‍ധിപ്പിക്കുകയാണ്. പക്ഷേ, അതിനൊപ്പം സ്ഥാപനങ്ങള്‍ സൈബര്‍ വെല്ലുവിളികള്‍ നേരിടാനുള്ള ശേഷി കൂടി സ്വായത്തമാക്കണം. ജെന്‍എഐ ശേഷിയുള്ള സൈബർ ഭീഷണി കണ്ടെത്തല്‍ സംവിധാനങ്ങളും പ്രതികരണ സംവിധാനങ്ങളും നടപ്പാക്കി ഈ രംഗത്തു മുന്നോട്ടു പോകണം. സാങ്കേതികവിദ്യകള്‍ അതിവേഗം വളരുന്ന ഈ കാലഘട്ടത്തില്‍ അത്യാധുനിക സൈബര്‍ പ്രതിരോധ തന്ത്രങ്ങള്‍ തികച്ചും അനിവാര്യമാണ്. എങ്കില്‍ മാത്രമേ സ്ഥാപനങ്ങള്‍ക്ക് അപ്രതീക്ഷിത സൈബര്‍ ആക്രമണങ്ങള്‍ക്കിടയിലും ഫലപ്രദമായി മുന്നോട്ടു പോകാനാവൂ എന്നും അദ്ദേഹം പറഞ്ഞു.