സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി നാളെ വീണ്ടും പരിഗണിക്കും. ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമും, കൂടുംബവും, നിയമ സഹായ സമിതിയും. നാളെ ഉച്ചയ്ക്ക് സൗദി സമയം 12.30 നാണ് കേസ് പരിഗണിക്കുന്നത് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം 3 മണിയോടെ).
കഴിഞ്ഞ 2 തവണ അബ്ദുറഹീമിന്റെ കേസ് റിയാദിലെ ക്രിമിനൽ കോടതി മാറ്റിവച്ചിരുന്നു. അബ്ദുറഹീമും, അഭിഭാഷകനും കോടതിയിൽ ഹാജരാകുമെന്നാണ് കരുതുന്നത്. ജൂലൈ രണ്ടിന് അബ്ദുറഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയെങ്കിലും ജയിൽ മോചനം വൈകുകയാണ്. സാങ്കേതിക പ്രശ്നങ്ങളും, പബ്ലിക് ഓഫൻസുമായി ബന്ധപ്പെട്ട കേസ് തീർപ്പാകാത്തതുമൊക്കെയാണ് ഇതിന് കാരണം എന്നാണ് സൂചന.
2006 അവസാനമാണ് സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീം സൗദിയിലെ ജയിലിൽ ആകുന്നത്. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് 15 മില്യൺ റിയാൽ നഷ്ടപരിഹാരം നല്കിയതോടെ കഴിഞ്ഞ ജൂലൈ രണ്ടിന് കോടതി വധശിക്ഷ റദ്ദാക്കി. ഇനി ജയിൽ മോചനത്തിനായുള്ള കാത്തിരിപ്പിലാണ്. ജയിൽ മോചന ഉത്തരവ് നാളെ ഉണ്ടായാൽ ഗവർണറേറ്റിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് അബ്ദുറഹീം നാട്ടിലേക്ക് മടങ്ങും.