രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്മാര്ക്ക് ആദരം അര്‍പ്പിക്കുന്നു. യശശ്ശരീരരായ തോപ്പില്‍ ഭാസി, പി. ഭാസ്കരന്, പാറപ്പുറത്ത് എന്നിവരോടുള്ള ആദരസൂചകമായി മേളയില്‍ ലിറ്റററി ട്രിബ്യൂട്ട് സംഘടിപ്പിക്കും. തോപ്പില്‍ ഭാസി തിരക്കഥ എഴുതി പി. ഭാസ്കരന് സംവിധാനം ചെയ്ത മൂലധനം, പാറപ്പുറത്ത് കഥയും തിരക്കഥയും എഴുതിയ അരനാഴികനേരം, പി. ഭാസ്കരന്റെയും രാമു കാര്യാട്ടിന്റെയും കൂട്ടുകെട്ടില്‍ സംവിധാനം ചെയ്ത നീലക്കുയില്‍ എന്നീ സിനിമകളുടെ പ്രദര്‍ശനം ചലച്ചിത്ര മേളയില്‍ നടക്കും.
മൂലധനം ഡിസംബര്‍ 14ന് രാത്രി എട്ടിന് ഏരിസ്പ്ലക്സ് സ്ക്രീന്‍ 4ല്‍ പ്രദര്‍ശിപ്പിക്കും. അരനാഴികനേരം 15നു രാത്രി 8.30നും നീലക്കുയില്‍ 17നു രാവിലെ 11.30നും നിള തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. തോപ്പില്‍ ഭാസി എന്നറിയപ്പെടുന്ന തോപ്പില്‍ ഭാസ്കരപിള്ള 1924 ഏപ്രില്‍ 8-ന് ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് ജനിച്ചു. കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയ മേഖലകളില്‍ തന്റേതായ മുദ്രപതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. നാടകകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന് എന്നീ നിലകളില്‍ പ്രമുഖനായിരുന്ന തോപ്പില്‍ ഭാസി അസമത്വം, അനീതി, ജാതീയത തുടങ്ങിയവയെ തന്റെ എഴുത്തുകളിലൂടെ ചോദ്യം ചെയ്തു.
1954-ലെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന വിപ്ലവ നാടകം മലയാള നാടക ചരിത്രത്തിലെ വഴിത്തിരിവായി മാറി. കെ.പി.എ.സിയെ കേരളത്തിലെ മുന്‍നിര നാടക പ്രസ്ഥാനമാക്കുന്നതില്‍ തോപ്പില്‍ ഭാസി വഹിച്ച പങ്കു വലുതാണ്. മുടിയനായ പുത്രന്, പൊന്നി തുടങ്ങി നിരവധി സിനിമകളുടെ തിരക്കഥാകൃത്തും ഒരു സുന്ദരിയുടെ കഥ, യുദ്ധകാണ്ഡം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനുമായിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത ശരശയ്യ എന്ന ചിത്രത്തിന് 1971-ല്‍ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും മൂലധനം എന്ന സിനിമയ്ക്ക് 1969-ല്‍ മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചു.
ഗാനരചയിതാവ്, സംവിധായകന്, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തനായ പി. ഭാസ്കരന് 1924 ഏപ്രില്‍ 21ന് തൃശ്ശൂരിലെ കൊടുങ്ങല്ലൂരില്‍ ജനിച്ചു. അനശ്വരമായ ചലച്ചിത്ര ഗാനങ്ങളിലൂടെയും കവിതകളിലൂടെയും മലയാളിയുടെ മനസ്സില്‍ ഇന്നും ജീവിക്കുകയാണ് ഭാസ്കരന് മാഷ്. 1949-ല്‍ പുറത്തിറങ്ങിയ ‘അപൂര്‍വ്വസഹോദരര്‍കള്‍’ എന്ന തമിഴ് ചിത്രത്തിലെ ഏതാനും മലയാളം വരികളാണ് ആദ്യ ചലച്ചിത്ര ഗാനം. ചന്ദ്രിക എന്ന ചിത്രത്തിന് ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് മലയാള സിനിമാലോകത്തേക്കു ഭാസ്കരന് മാഷ് രംഗപ്രവേശനം നടത്തിയത്.
പി ഭാസ്കരനും രാമു കാര്യാട്ടും ചേര്‍ന്ന് സംവിധാനം ചെയ്ത് 1954 ല്‍ പുറത്തിറങ്ങിയ ‘നീലക്കുയില്‍’ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് ഭാസ്കരന് മാസ്റ്റര്‍ മലയാള സിനിമാഗാനരംഗത്തെ സജീവ സാന്നിധ്യമായത്. അല്ലിയാമ്പല്‍ കടവിലും, കദളി വാഴ കയ്യിലുമെല്ലാം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളുമാണ്. നാല്പത്തി ഏഴോളം ചിത്രങ്ങള്‍ ഭാസ്കരന് മാസ്റ്റര്‍ സംവിധാനം ചെയ്യുകയും ഏഴു സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. 1955ല്‍ നീലക്കുയിലിന് മികച്ച ചിത്രത്തിനുള്ള രജത കമലം അവാര്‍ഡും, 1994 ല്‍ സിനിമ മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേല്‍ പുരസ്കാരവും ഭാസ്കരന് മാസ്റ്റര്‍ക്ക് ലഭിച്ചിട്ടുണ്ട്.
രജതകമലം അവാര്‍ഡ് കിട്ടിയ ആദ്യ മലയാള സിനിമയാണ് നീലക്കുയില്‍. ജാതിവിവേചനവും അയിത്തവുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. 1960-കളിലെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പശ്ചാത്തലമാക്കിയുള്ള ചിത്രമാണ് മൂലധനം. സാമൂഹിക അസമത്വം, ദാരിദ്ര്യം എന്നീ വിഷയങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തുമായ പാറപ്പുറത്ത് മാവേലിക്കര താലൂക്കിലെ കുന്നം ഗ്രാമത്തില്‍ 1924 നവംബര്‍ 14നു ജനിച്ചു. കിഴക്കേപ്പൈനുംമൂട് ഈശോ മത്തായി എന്ന പേരിനേക്കാള്‍ മലയാളിക്ക് സുപരിചിതം പാറപ്പുറത്ത് എന്ന തൂലികാനാമമാണ്.
രണ്ട് തവണ കേരള സാഹിത്യഅക്കാദമി അവാര്‍ഡും കേരള ചലച്ചിത്ര അവാര്‍ഡും ലഭിച്ചിട്ടുള്ള അദ്ദേഹം 20 നോവലുകള്‍, 14 കഥാസമാഹാരങ്ങള്‍, 15 തിരക്കഥകള്‍ എന്നിവ രചിച്ചിട്ടുണ്ട്. അരനാഴികനേരം എന്ന കൃതി പിന്നീട് ഇതേ പേരില്‍ സിനിമയാവുകയും 1968-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഓമന, പണിതീരാത്തവീട്, നിണമണിഞ്ഞ കാല്‍പ്പാടുകള്‍, ആദ്യകിരണങ്ങള്‍, മകനേ നിനക്കുവേണ്ടി, അന്വേഷിച്ചു കണ്ടെത്തിയില്ല തുടങ്ങിയ കൃതികളും പിന്നീട് മലയാള സിനിമകളായി മാറിയിട്ടുണ്ട്.
CONTENT HIGHLIGHTS; IFFK: Literary Tribute to Honor the Memory of Writers; Thopil Bhasi, P. 100th Birth Anniversary Commemoration of Bhaskaran and Parappuram