ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ മൊത്തം 572 ദ്വീപുകളില്‍ മനുഷ്യവാസമുള്ളത് 37 ദ്വീപുകളില്‍ എന്നാണ് ഔദ്യോഗിക വിവരം. അതില്‍ത്തന്നെ സഞ്ചാരികള്‍ക്ക് അനുമതിയുള്ളത് വളരെ കുറച്ചുമാത്രം. ഗോത്രവര്‍ഗ ദ്വീപുകളില്‍ യാതൊരുതരത്തിലും പ്രവേശനമില്ല. ഒരുവിധം കണ്ടുപോരണമെങ്കില്‍ ഒരാഴ്ച വേണ്ടിവരും. ചെന്നെയില്‍നിന്ന് ശ്രീവിജയപുരത്തേക്ക് രണ്ടുമണിക്കൂര്‍ വിമാനയാത്ര. അവിടത്തെ കാലാപാനിയെന്ന സെല്ലുലാര്‍ ജയില്‍ സന്ദര്‍ശനം വിവരണാതീതമായ നൊമ്പരമുണര്‍ത്തും. ഗാര്‍ഡ് റൂം ടവര്‍ കേന്ദ്രമാക്കി, മൂന്നു നിലകളുള്ള ഏഴ് ബാരക്കുകളുടെ സമുച്ചയമാണ് കാലാപാനി.
ഏഴില്‍ മൂന്നുമാത്രമേ ഇപ്പോള്‍ ഉള്ളൂ. ജയിലറകളുടെ നിര്‍മാണരീതിതന്നെ ക്രൂരമാണ്. അതിലെ തടവുകാരന് ഒരു കാരണവശാലും പുറംലോകം കാണാനോ മറ്റൊരു ജീവിയെ കാണാനോ പറ്റില്ല. തടവുകാരെ പാര്‍പ്പിച്ച രീതി, പീഡിപ്പിച്ചിരുന്ന വിധം, ചെയ്യിച്ചിരുന്ന ജോലികള്‍ ഒക്കെ നടന്നുകാണുന്നതിനു പുറമെ വൈകിട്ട് ദൃശ്യശ്രവണ പരിപാടിയിലൂടെയും അറിയാം. തടവുകാരെ തൂക്കിലേറ്റിയിരുന്ന മുറി കണ്ടിറങ്ങുമ്പോള്‍, പീഡിപ്പിക്കുന്നതിന്റെ വിവിധ പ്രതിമകള്‍ ചിത്രങ്ങള്‍ ഒക്കെ വിങ്ങലോടെ മാത്രം പിന്നിടാം. റോസ് ഐലന്‍ഡിന് ഇപ്പോഴത്തെ പേര് നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്നാണ്. ബ്രിട്ടീഷ് ഭരണത്തില്‍ ഈ ദ്വീപായിരുന്നു ഭരണകേന്ദ്രം. സ്വാതന്ത്ര്യാനന്തരം തലസ്ഥാനം പോര്‍ട്ട് ബ്ലെയര്‍ ആയതോടെ റോസ് ദ്വീപ് നാശോന്മുഖമായെങ്കിലും സംരക്ഷിക്കപ്പെടുന്നുണ്ട്. പഴയകാല സ്റ്റോര്‍, വാട്ടര്‍പ്ലാന്റ്, പവര്‍ഹൗസ്, ക്ലബ്ബ്, ചര്‍ച്ച് തുടങ്ങി ഒരുപാട് കെട്ടിടങ്ങള്‍ മരങ്ങളും വള്ളിപ്പടര്‍പ്പുകളും വളര്‍ന്ന് യാത്രികര്‍ക്ക് കൗതുകമാകുന്നു. കഴിഞ്ഞ സുനാമി ദ്വീപിനെ ഒട്ടൊന്നുലച്ചിട്ടുണ്ട്. നോര്‍ത്ത് ബേ ഐലന്‍ഡ്, നേതാജി ദ്വീപിനടുത്താണ്. സ്‌കൂബാ ഡൈവിങ്ങിന് പ്രസിദ്ധം.
മഹാത്മാഗാന്ധി മറൈന്‍ നാഷണല്‍ പാര്‍ക്ക് വണ്ടൂരിലാണ്. ഇന്ത്യയിലെ അഞ്ച് മറൈന്‍ പാര്‍ക്കുകളില്‍ ഒന്നാമത്തേത്. സൗത്ത് ആന്‍ഡമാനിലെ വണ്ടൂര്‍ ജെട്ടിയില്‍നിന്ന് വലിയ ബോട്ടുകളിലാണ് മറൈന്‍ പാര്‍ക്ക് യാത്ര. ജോളി ബോയ്‌സ് ദ്വീപിലേക്കും കടല്‍ജീവികളെ കാണാനും ചെ റുബോട്ടിലേക്ക് മാറിക്കയറണം. കണ്ടല്‍ക്കാടുകളും കടല്‍ ജീവികളും ദൃശ്യവിസ്മയമാണ്. കര്‍ശന പ്ലാസ്റ്റിക് നിയന്ത്രണമുണ്ട്. കടുത്ത പിഴശിക്ഷയുമുണ്ട്. സ്വരാജ് ദ്വീപ് (ഹാവ്‌ലോക് ഐലന്‍ഡ്) യാത്ര കപ്പലിലാണ്. എല്ലാ സൗകര്യങ്ങളോടെയുമുള്ള ഒന്നാംതരം യാനപാത്രങ്ങളാണിവ. മൂന്ന് മണിക്കൂറാണ് യാത്രാ സമയം. രണ്ടുദിവസം താമസിച്ചുവേണം സ്വരാജ് കാണാന്‍. ബെസ്റ്റ് ബീച്ച് ഇന്‍ ഏഷ്യ പട്ടം കിട്ടിയ രാധാനഗര്‍ ബീച്ച്, കാലാ പത്ഥര്‍ ബീച്ച്, എലിഫന്റ് ബീച്ച്, വിജയനഗര്‍ ബീച്ച് എന്നിവ യാത്രക്കാര്‍ക്കായി കാത്തിരിക്കുന്നു. രാധാനഗര്‍ ബീച്ചിലെ കടല്‍ക്കുളി മിസ് ചെയ്യരുത്. ഷാഹിദ് ദ്വീപി (നീല്‍ ഐ ലന്റ്)ലാണ് ഭരത്പുര്‍ ബീച്ചും ലക്ഷ്മണ്‍പുര്‍ ഒന്ന്, രണ്ട് ബീച്ചുകളും. നല്ല തണലും തണുപ്പുമുള്ള വിശാലമായ ബീച്ചാണ് ഭരത്പുര്‍. ലക്ഷ്മണ്‍പുര്‍ ഒന്നിലെ സൂര്യാസ്തമന ദൃശ്യം മനോഹരമാണ്. ലക്ഷ്മണ്‍പുര്‍ രണ്ടിലാണ് ലോകപ്രശസ്ത നാച്വറല്‍ ബ്രിഡ്ജ്. വേലിയിറക്ക സമയമാണെങ്കിലേ കാണാന്‍ പറ്റുകയുള്ളൂ.
മുന്നൂറ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പോര്‍ട്ട്‌ബ്ലെയര്‍- മായാബന്ദര്‍-ദിഗ്ലിപൂര്‍ എന്‍.എച്ച്. നാലില്‍ കൂടിയാണ് ബറാത്താങ്ങിലേക്കുള്ള യാത്ര. ജറാവ ഗോത്രവര്‍ഗക്കാര്‍ പാര്‍ക്കുന്ന കാടിനുള്ളിലൂടെയുള്ള യാത്രയ്ക്ക് ഫീസും സമയക്ലിപ്തതയുമുണ്ട്. ഭാഗ്യമുണ്ടെങ്കിലേ ഇവരെ കാണാന്‍ കഴിയൂ. രാവിലെ ഏഴിനും ഒന്‍പതിനും കടത്തി വിടും. ഇതിനായി ജിര്‍ഖാതാങ് ചെക്ക്‌പോസ്റ്റില്‍ ക്യൂ ഉണ്ടാകും. സെക്യൂരിറ്റിയോടെ കോണ്‍വോയ് രീതിയിലാണ് വാഹനങ്ങള്‍ വിടുക. ഓവര്‍ടേക്കിങ്, സ്റ്റോപ്പിങ്, ജറാവകള്‍ക്ക് സാധനങ്ങള്‍ സമ്മാനിക്കല്‍ മുതലായവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലെ കാലാവസ്ഥ പ്രവചനാതീതമാണ്. മഴ സമയമാണെങ്കില്‍ ഒറ്റപ്പെട്ട ദ്വീപുകളിലെ യാത്രയും താമസവും വളരെ ബുദ്ധിമുട്ടാണ്. വൈദ്യുതിയും ചിലസമയം പ്രശ്‌നമാണ്. വാര്‍ത്താവിനിമയ സംവിധാനവും പരിമിതമാണ്. നെറ്റ് വര്‍ക്ക് കവറേജ് ശരാശരിക്കും താഴെയാണ്. ഇതൊക്കെയാണെങ്കിലും ആന്‍ഡമാന്‍ യാത്രയൊരു ആവേശമാണ്. കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍നിന്ന് രണ്ട് മൂന്ന് മണിക്കൂര്‍ കൊണ്ട് വിമാനത്തിലെത്താം. എന്നാല്‍ കപ്പലാണെങ്കില്‍, കടല്‍ ശാന്ത മെങ്കില്‍, നാലുദിവസമെടുക്കും. കൊല്‍ക്കത്ത, വിശാഖപട്ടണം, ചെന്നെ പോര്‍ട്ടുകളില്‍നിന്ന് കപ്പല്‍ സര്‍വീസുണ്ട്.
STORY HIGHLIGHTS: andaman-and-nicobar-islands-travel-cellular-jail