നമ്മുടെ അടുത്ത സുഹൃത്ത് നിങ്ങളുടെ തൊട്ട് മുന്നിലായി നടന്നു പോകുന്നു എന്ന് കരുതുക. എങ്ങനെ അയാളെ വിളിക്കും? പേര് പറഞ്ഞ് ഉച്ചത്തില്‍ വിളിക്കും എന്നായിരിക്കും നിങ്ങളുടെ ഉത്തരം. എന്നാല്‍ മേഘാലയിലെ കൊങ്‌തൊങ് ഗ്രാമവാസി അങ്ങനെയല്ല. കൊങ്‌തൊങുകാര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങളക്കായി പേരുണ്ടെങ്കിലും അവരത് അധികം ഉയോഗിക്കാറില്ല. പകരം ഒരോരുത്തര്‍ക്കും പേരുപോലെ വിളിക്കുന്ന ഓരോ പ്രത്യേക ഈണം ഉണ്ടാകും. ഈ ഈണം ചൂളം വിളിച്ചോ പാടിയോ ആണ് അവര്‍ പരസ്പരം വിളിക്കുന്നത്.
പേരിന് പകരം ഈണം ഉപയോഗിക്കുന്ന ഈ ഭാഷയ്ക്ക് പറയുന്ന പേര് ജിങ്ക് റായിയോബേ എന്നാണ്. അമേരിക്ക, ജപ്പാന്‍ ജര്‍മനി തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നും ഗവേഷകര്‍ കൊങ്‌തൊങിലെത്താറുണ്ട് ജിങ്ക് റായിയോബേയെക്കുറിച്ച് പഠിക്കാനും ഗവേഷണം ചെയ്യാനും. പ്രസവിച്ച് ഒരാഴ്ചക്കുള്ളില്‍ കുട്ടിയുടെ അമ്മ തന്റെ നവജാത ശിശുവിന് ഏതാനും സെക്കന്റുകള്‍ മാത്രം നീണ്ട് നില്‍ക്കുന്ന ഒരു രാഗമോ താരാട്ടിന്റെ ഈണമോ പാടികൊടുക്കുന്നു. പീന്നീട് ഈ ഈണം കുട്ടിയുടെ സ്വന്തമായി കുട്ടിയെ തിരിച്ചറിയാനുള്ള അടയാളമായി മാറുന്നു. അമ്മ കുഞ്ഞിനായി തിരഞ്ഞെടുക്കുന്ന ഈണം നമ്മുടെ നാട്ടില്‍ വീട്ടില്‍ വിളിക്കുന്ന ചെല്ലപ്പേര് പോലെയാണ് കുറച്ച് സെക്കന്റുകള്‍ മാത്രം നീണ്ട് നില്‍ക്കുന്നത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് ആശയ വിനിമയത്തിന് 14 മുതല്‍ 18 സെക്കന്റുകള്‍ വരെ ദൈര്‍ഘ്യമുള്ള ഈണം ഉണ്ട്.
അമ്മയ്ക്ക് മാത്രമാണ് കുട്ടിക്ക് വേണ്ടി ഈണം തിരഞ്ഞെടുക്കാനുള്ള അവകാശം. കുട്ടിക്കായി തിരഞ്ഞെടുക്കുന്ന ഈണം പുതിയത് ആവണം. മറ്റൊരാള്‍ ഉപയോഗിച്ച ഈണം ഉപയോഗിക്കാന്‍ പാടുള്ളതല്ല. കുട്ടിയുടെ മരണം വരെ ഈ ഈണമാകും വിളിക്കാനുപയോഗിക്കുക. അയാള്‍ മരിക്കുന്നതോടെ ആ ഈണവും മരിക്കും. പിന്നീട് മാറ്റാരും അത് ഉപയോഗിക്കില്ല. ജിങ്ക് റായിയോബേയെക്കുറിച്ച് നിരവധി കഥകള്‍ കോങ്‌തൊങില്‍ നിലനില്‍ക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് പൂര്‍വ്വികരോടുള്ള ആദര സൂചകമായി പിന്‍തുടരുന്നതാണ് ജിങ്ക് റായിയോബേയെന്നത്. കോങ്താങ് ഇപ്പോഴും താവഴി വ്യവസ്ഥ പിന്‍തുടരുന്ന ഗ്രാമമാണ്. ഗ്രാമത്തിലെ ഓരോ വംശത്തിനും ഓരോ സ്ത്രീ പൂര്‍വ്വികരുണ്ട് കോങ്താങിലുപയോഗിക്കുന്ന ഖാസി ഭാഷയില്‍ ജിങ്ക് റായിയോബേയുടെ അര്‍ത്ഥം പൂര്‍വ്വികരുടെ ബഹുമാനാര്‍ഥം പാടുന്ന രാഗമെന്നാണ്. ജനിക്കുന്ന ഒരോ കുഞ്ഞിനും ഇങ്ങനെ പേര് നല്‍കുന്നതോടെ തന്റെ വംശത്തിലെ സ്ത്രീകളെ ആദരിക്കാനും പതിയെ തന്റെ വംശത്തിന്റെ ചരിത്രത്തെക്കുറിച്ചുമൊക്കയാണ് കുട്ടി പഠിക്കുന്നത്.
ജിങ്കര്‍വായി ലാബെയുടെ ഉത്ഭവുമായി ബന്ധപ്പെട്ട് രണ്ടാമത് കോങ്താങില്‍ പ്രചരിക്കുന്നത് കുറച്ചുകൂടി രസകരമായ ഒരു മിത്താണ്. വേട്ടയാടാന്‍ വനത്തില്‍ പോകുന്നവര്‍ പരസ്പരം പേര് വിളിച്ചാല്‍ അത് ദുരാത്മാക്കള്‍ തിരിച്ചറിയുമെന്നും, അത് ഒഴിവാക്കാനാണ് പേരുകള്‍ക്ക് പകരം ചൂളം വിളി ഉപയോഗിച്ച് തുടങ്ങിയതെന്നും, ഇങ്ങനെ ചെയ്യുന്നത് വഴി ദുരാത്മാക്കള്‍ക്ക് മൃഗങ്ങളില്‍ നിന്ന് തങ്ങളെ തിരിച്ചറിയാന്‍ സാധിക്കില്ലെന്നും അവര്‍ വിശ്വസിക്കുന്നു. പെണ്‍കുട്ടികളെ ഒരിക്കലും രാഗങ്ങളെക്കുറിച്ചോ പാട്ടുകളെക്കുറിച്ചോ ആരും പഠിപ്പിക്കുന്നില്ല. എന്നാല്‍ അവരുടെ പാരമ്പര്യം, ആചാരങ്ങള്‍, തത്ത്വങ്ങള്‍ എന്നിവയെക്കുറിച്ച് വാമൊഴിയായി കഥ പോലെ മുതിര്‍ന്ന സ്ത്രീകള്‍ പെണ്‍കുട്ടികള്‍ക്ക് കൈമാറുന്നു. ഇങ്ങനെ കിട്ടുന്ന അറിവുകള്‍ വച്ചാണ് കുഞ്ഞ് ജനിക്കുന്ന സമയത്ത് ഈണങ്ങൾ അല്ലെങ്കില്‍ രാഗങ്ങള്‍ പേരായി കൊടുക്കുന്നത്.
ഭൂമിശാസ്ത്രപരമായി വളരെയധികം ഒറ്റപ്പെട്ട സ്ഥിതിയിലായിരുന്നു കോങ്താങുകാര്‍, ചുറ്റും കാടും ചെങ്കുത്തായ വളവുകള്‍ക്കും ഇടയില്‍ എളുപ്പത്തിലുള്ള ആശയവിനിമയം എന്ന നിലയ്ക്കാവണം വിസില്‍ ഭാഷ ഉണ്ടായതെന്നാണ് ഗവേഷകരുടെ അഭിപ്രായം. രാജ്യത്താകമാനം ടൂറിസം വളര്‍ന്നതോടെ കോങ്താങിലേക്ക് റോഡുകളെത്തി. ടൂറിസമാണ് ഗ്രാമത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗം. ഓരോ വര്‍ഷവും നിരവധി ആളുകളാണ് വിസില്‍ ഭാഷയെക്കുറിച്ച് പഠിക്കാനും കോങ്താങിന്റെ സൗന്ദര്യം ആസ്വദിക്കാനുമായി എത്തുന്നത്. അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കിലും വിദ്യാഭ്യാസവും മെച്ചപ്പെട്ട ജോലിയും ജീവിത സൗകര്യങ്ങളും തേടി ഗ്രാമം വിട്ട് പോകുന്നവര്‍ നിരവധിയാണ്. അതുകൊണ്ട ഏകദേശം 700 ഓളം പേരാണ് നിലവില്‍ ജിങ്ക്റായിയോബേ ഉപയോഗിക്കുന്നവരായി ഗ്രാമത്തിലുള്ളത്.
മേഘാലയുടെ തലസ്ഥാനമായ ഷില്ലോങില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ഈസ്റ്റ് ഖാസി ഹില്‍ ഡിസ്ട്രിക്റ്റില്‍ ആണ് കൊങ്താങ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഷില്ലോങില്‍ എത്തിയാല്‍ അവിടെ നിന്ന് ടാക്‌സി എടുത്ത് കൊങ്താങിലെത്താം. നേരിട്ട് ഷില്ലോങിലെത്താന്‍ ട്രെയിന്‍ സര്‍വ്വീസ് ലഭ്യമല്ലെങ്കിലും ആസമിലെ ഗുവാഹാത്തി റെയില്‍വേ സ്റ്റേഷനിലേക്ക് ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ നിന്നെല്ലാം ട്രെയില്‍ സര്‍വ്വീസ് ലഭ്യമാണ്. അവിടെ നിന്ന് ഷില്ലോങ്ങിലേക്ക് ട്രെയിന്‍ ലഭ്യമാണ്. അവിടെ നിന്നും ടാക്‌സി സൗകര്യം ലഭ്യമാണ്. ഷില്ലോങിലെ ബാര ബസാറിലെ സുമോ സ്റ്റാന്‍ഡില്‍ നിന്നും ഷെയര്‍ സുമോ വഴിയും കൊങ്താങിലെത്താം. ഒക്ടോബര്‍ മുതല്‍ മെയ് വരെയാണ് കൊങ്താങിലെത്താന്‍ ഏറ്റവും നല്ല സമയമായി കണക്കാക്കുന്നത്. എലിഫന്റ് ഫാള്‍സ്, ലിവിങ് റൂട്ട് ബ്രിഡ്ജ്, ചിറാപുഞ്ചി, ഡോണ്‍ബോസ്‌കോ മ്യൂസിയം,ഡബിള്‍ ഡക്കര്‍ ലിവിങ് റൂട്ട് ബ്രിഡ്ജ് എന്നിങ്ങനെ സഞ്ചാരികള്‍ക്കായി നിരവധി കൗതുകങ്ങള്‍ മേഘാലയയിലുണ്ട്.
STORY HIGHLIGHTS : kongthong-the-only-whistling-village-of-india