റോയൽ സൊസൈറ്റി പബ്ലിഷിങ് ഫൊട്ടോഗ്രഫി മത്സരത്തിന്റെ ഇത്തവണത്തെ വിജയികളിലൊരാളുടെ ചിത്രം വിചിത്രമായ ഒന്നാണ്. ഇരപിടിക്കുന്നതിനിടെ കണ്ണടയ്ക്കുന്ന ഒരു പക്ഷിയുടെ ചിത്രം കണ്ടാൽ ആരുമൊന്നു ഞെട്ടും. സെക്രട്ടറി ബേർഡ് എന്നാണ് ഈ പക്ഷിയുടെ പേര്. സജിറ്റേറിയസ് സെർപന്റേറിയസ് എന്നു ശാസ്ത്രനാമമുള്ളവയാണ് ഈ പക്ഷികൾ. ഫാൽക്കൺ പക്ഷികളുമായി അടുത്ത സാമ്യമുള്ളവയാണ് സെക്രട്ടറി പക്ഷികൾ. പ്രാണികൾ, പല്ലികൾ, ചെറിയ ഉഭയജീവികൾ എന്നിവയെയൊക്കെയാണ് ഇവ ഭക്ഷിക്കുന്നത്. പറന്നിറങ്ങി ഇരയെ ഭൂമിയിലേക്ക് ഇടിച്ചുകൊന്നാണ് ഇവ ഭക്ഷിക്കുന്നത്.
ഏകദേശം 4 അടി വരെയൊക്കെ പൊക്കം വയ്ക്കുന്ന പക്ഷികളാണ് സെക്രട്ടറി പക്ഷികൾ. കഴുകനു സമാനമായ ശരീരവും കൊക്കുകളുടെ ആകൃതിയുള്ള കാലുകളും ഇവയ്ക്കുണ്ട്. ഇവയ്ക്കു പറക്കാനൊക്കെ ശേഷിയുണ്ടെങ്കിലും കൂടുതൽ സമയവും പുൽമേടുകൾക്കിടയിലൂടെ ഭക്ഷണം തിരഞ്ഞുനടപ്പാണു രീതി. ഇവയ്ക്കു മൂന്നാമത് ഒരു കൺപോള കൂടിയുണ്ട്. കണ്ണിനെ പൊടിയിൽ നിന്നും കാറ്റിൽനിന്നുമൊക്കെ സംരക്ഷിക്കാനായാണ് ഇത്.
1779ൽ ആണ് ഈ പക്ഷികളെ കണ്ടെത്തിയത്.കാഴ്ചയിൽ ഭീകരൻമാരൊക്കെയാണെങ്കിലും വാസസ്ഥലം നശിക്കുന്നതുകാരണം സെക്രട്ടറി പക്ഷികളുടെ ജനസംഖ്യ വളരെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. സുഡാന്റെ ദേശീയ ചിഹ്നത്തിലും ദക്ഷിണാഫ്രിക്കയുടെ കോട്ട് ഓപ് ആംസിലുമൊക്കെ ഈ പക്ഷികളെ കാണാം. നൂറുകണക്കിന് ആഫ്രിക്കൻ സ്റ്റാംപുകളിലും ഇവ പ്രത്യക്ഷപ്പെടാറുണ്ട്.
STORY HIGHLIGHTS: secretary-bird-hunting-with-eyes-closed