ജയ്പുർ: രാജസ്ഥാനിൽ 55 മണിക്കൂറിലേറെ കുഴൽക്കിണറിൽ കുടുങ്ങിക്കിടന്ന 5 വയസ്സുകാരനെ പുറത്തെടുത്തു. അബോധാവസ്ഥയിലുള്ള കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് അധികൃതർ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദോസ ജില്ലയിലെ കാളിഘട് ഗ്രാമത്തിൽ 160 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ആര്യൻ വീണത്. പാടത്തു കളിക്കുന്നതിനിടെ മൂടിയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു.
ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), സിവില്‍ ഡിഫന്‍സ് ടീമുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു. സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുഴൽക്കിണറുമായി ബന്ധിച്ചശേഷമാണു കുട്ടിയെ പുറത്തെടുക്കാൻ ശ്രമം ആരംഭിച്ചത്. 150 അടി വെള്ളമുള്ള കിണറ്റിൽ ക്യാമറ ഇറക്കി നിരീക്ഷണം നടത്താനുള്ള ശ്രമം വിജയിക്കാതിരുന്നത് ദൗത്യത്തിനു വെല്ലുവിളിയായിരുന്നു.
രാജസ്ഥാന്‍ മന്ത്രിയും ബിജെപി നേതാവുമായ കിരോഡി ലാല്‍ മീണ സംഭവസ്ഥലത്തെത്തി ആര്യന്റെ ആരോഗ്യനില കാമറയിലൂടെ നിരീക്ഷിച്ചിരുന്നു. രാജ്യത്തുടനീളം ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും കുഴല്‍ക്കിണറുകള്‍ മൂടുന്നത് സംബന്ധിച്ച് നിയമം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.