ജറുസലം: ഗാസയിൽ വിവിധയിടങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളുമടക്കം 38 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ബെയ്ത്ത് ലാഹിയയിൽ പാർപ്പിടസമുച്ചയത്തിലെ ബോംബിങ്ങിൽ കൊല്ലപ്പെട്ട 22 പേർ അടക്കമാണിത്. കമൽ അദ്‌വാൻ ആശുപത്രിക്കുസമീപവും ആക്രമണമുണ്ടായി. ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 44,805 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,06,257 പേർക്കു പരുക്കേറ്റു.
ഒക്ടോബർ 7ന് തെക്കൻ ഇസ്രയേലിൽ നടത്തിയ കടന്നാക്രമണത്തിൽ പങ്കെടുത്ത ഹമാസ് സീനിയർ കമാൻഡർ ഫാഹ്മി സെൽമി, ജബാലിയയിലെ ഹമാസ് യൂണിറ്റിനു നേതൃത്വം നൽകുന്ന സലാഹ് ദഹ്മാൻ എന്നിവരെ വധിച്ചതായി ഇസ്രയേൽ പറഞ്ഞു. അതേസമയം സിറിയ, ലബനൻ, ഗാസ വിഷയങ്ങൾ ചർച്ച ചെയ്യാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ജോർദാനിലേക്ക് പുറപ്പെട്ടു. തുർക്കിയും സന്ദർശിക്കും. ഗാസയിലെ ദുരിതാശ്വാസത്തിനായുള്ള 360 കോടി ഡോളർ അടക്കം 400 കോടി ഡോളറിന്റെ ഫണ്ട് സമാഹരണം ഐക്യരാഷ്ട്ര സംഘടന ആരംഭിച്ചു.