ജയ്പൂർ: രാജസ്ഥാനിൽ 55 മണിക്കൂറിലേറെ കുഴൽക്കിണറിൽ കുടുങ്ങിക്കിടന്ന അഞ്ചു വയസുകാരൻ മരിച്ചു. ദോസ ജില്ലയിലെ കാളിഘട് ഗ്രാമത്തിൽ 160 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ആര്യൻ വീണത്. പാടത്തു കളിക്കുന്നതിനിടെ മൂടിയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സിവിൽ ഡിഫൻസ് ടീമുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു.
കയറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ട്യൂബ് വഴി ഓക്സിജൻ വിതരണം ചെയ്താണ് ജീവൻ നിലനിർത്തിയത്. ക്യാമറ വഴി കുട്ടിയെ നീരീക്ഷിക്കുന്നുമുണ്ടായിരുന്നു. 56 മണിക്കൂറിലേറെ കുഴൽക്കിണറിൽ കുടങ്ങിക്കിടന്ന കുട്ടിയെ മറ്റൊരു കുഴി കുഴിച്ചാണ് പുറത്തെടുക്കാനായത്.