കൊച്ചി: മുനമ്പം വിഷയം കത്തി നിൽക്കെ, മുസ്ലിം ലീഗ് ഓഫീസിനു മുന്നിൽ പോസ്റ്റർ പതിച്ച് പ്രതിഷേധം. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാക്കെതിരെയാണ് പോസ്റ്റർ. മുസ്ലിം ലീഗിൻ്റെ അഭിഭാഷക സംഘടനാ നേതാവാണ് ഇദ്ദേഹം. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് പാർട്ടിയെ അടക്കം ഇദ്ദേഹം തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പോസ്റ്ററിൽ ആരോപിക്കുന്നത്. എറണാകുളം ജില്ലാ കമ്മിറ്റി ലീഗ് ഓഫീസിന് മുൻപിലാണ് പോസ്റ്റർ പതിച്ചത്.
മുനമ്പം പ്രശ്നവും സമസ്ത തർക്കവും അടക്കം ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് കോഴിക്കോട് ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും യോഗത്തിൽ വിലയിരുത്തും
മുനമ്പം ഭൂമി വിഷയത്തില്‍ ലീഗ് നേതാക്കൾക്കിടയിലെ വ്യത്യസ്ത അഭിപ്രായം ഏറെ രാഷ്ട്രീയ വിവാദമായിരുന്നു. കെ.എം.ഷാജി പ്രതിപക്ഷ നേതാവിനെ വരെ തിരുത്തി സംസാരിച്ച സാഹചര്യത്തിൽ ലീഗ് പരസ്യപ്രസ്താവന വിലക്കിയിരുന്നു. സമസ്തയിലെ ലീഗ് അനുകൂല, പ്രതികൂല വിഭാഗങ്ങളുമായുള്ള സമവായ ചർച്ചയും സമസ്ത മുശാവറ യോഗത്തിലെ സംഭവികാസങ്ങളും ചർച്ചയാകും. സമസ്ത മുശാവറയിൽ നിന്ന് ഇന്നലെ അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ ഇറങ്ങി പോയ പശ്ചാത്തലത്തിൽ കൂടിയാണ് ഇന്നത്തെ യോഗം.
ഉമർ ഫൈസി മുക്കം നടത്തിയ അധിക്ഷേപ പരാമർശത്തെ തുടർന്നായിരുന്നു ഇറങ്ങിപ്പോക്ക്. സമസ്തയിലെ സിപിഎം അനുഭാവിയായി അറിയപ്പെടുന്ന നേതാവാണ് മുക്കം ഉമർ ഫൈസി. മുമ്പ് അദ്ദേഹം നടത്തിയ വിവാദ പരാമർശങ്ങൾക്ക് സമസ്ത അധ്യക്ഷന്റെ അടക്കം സംരക്ഷണം ലഭിച്ചിരുന്നു. എന്നാൽ ലീഗ് അനുകൂല ചേരി പാണക്കാട് സാദിഖ് അലി തങ്ങൾക്കെതിരെ ഉമർ ഫൈസി നടത്തിയ മോശം പരാമർശം ചർച്ച ചെയ്യണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. ഇതോടെയാണ് ഇന്നലത്തെ മുശാവറ ഈ വിഷയം ചർച്ചയ്ക്ക് എടുക്കാൻ തീരുമാനിച്ചത്. എന്നാൽ സമസ്ത അധ്യക്ഷനെ കൂടി കടന്നാക്രമിച്ച ഉമർ ഫൈസി യോഗത്തിൽ ഒറ്റപ്പെടുകയായിരുന്നു. ഇതോടെ സമസ്തയിലെയും പോഷക സംഘടനകളിലെയും ലീഗ് വിരുദ്ധർക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ നിലപാട് കടുപ്പിക്കാനാണ് സാധ്യത.