Kerala

വൈക്കത്തെ തന്തൈ പെരിയാർ സ്മാരകം ഉദ്‌ഘാടനം ചെയ്ത് കേരള, തമിഴ്നാട് മുഖ്യമന്ത്രിമാർ

നവീകരിച്ച തന്തൈ പെരിയാർ രാമസ്വാമി സ്മാരകം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്ന് ഉദ്ഘാടനം ചെയ്തു. വൈക്കം വലിയ കവലയിലാണ് നവീകരിച്ച സ്മാരകം. കേരള മന്ത്രിമാരായ വി എൻ വാസവൻ, സജി ചെറിയാൻ എന്നിവരും തമിഴ്നാട് മന്ത്രിമാരായ എ വി വേലു , ദുരൈമുരുകൻ, എം പി സ്വാമിനാഥൻ , ദ്രാവിഡ കഴകം അധ്യക്ഷൻ കെ വീരമണിയും ചടങ്ങിൽ പങ്കെടുത്തു.

അല്പസമയത്തിനകം വൈക്കം ബീച്ച് മൈതാനത്ത് നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷതവഹിക്കും. വൈക്കത്തുള്ള സ്മാരകം എട്ടരക്കോടി രൂപ മുടക്കിയാണ് തമിഴ്നാട് സർക്കാർ നവീകരിച്ചത്. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു നവീകരണം.

വൈക്കം സത്യഗ്രഹത്തിൽ തന്തൈപെരിയാർ എന്ന ഇ വി രാമസ്വാമി പങ്കെടുത്തതിന്റെയും അദ്ദേഹത്തിന്റെ ധീരോദാത്തമായ പ്രവർത്തനങ്ങളുടെയും ഓർമകളുണർത്തുന്ന സ്‌മാരകവും ഗ്രന്ഥശാലയും 8.14 കോടി രൂപ ചെലവിട്ടാണ്‌ തമിഴ്‌നാട്‌ സർക്കാർ നവീകരിച്ചത്‌. സ്റ്റാലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ തമിഴ്നാട് പൊതുമരാമത്തു വകുപ്പാണ് പെരിയാർ സ്‌മാരക നവീകരണം പൂർത്തിയാക്കിയിരിക്കുന്നത്. പെരിയാർ പ്രതിമയ്‌ക്കു പുറമേ അദ്ദേഹത്തിന്റെ ജീവിതമുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള മ്യൂസിയം, ലൈബ്രറി, കുട്ടികളുടെ പാർക്ക്‌, ഓപ്പൺ എയർ തീയറ്റർ ഉൾപ്പെടെയുള്ള വിപുലമായ സ്‌മാരകമാണ്‌ ഒരുക്കിയിരിക്കുന്നത്‌.

6.09 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മ്യൂസിയവും 84.20 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലൈബ്രറിയുമാണുള്ളത്‌. വൈക്കം പോരാട്ടത്തിന്റെയും പെരിയാർ നടത്തിയതുൾപ്പെടെയുള്ള വിവിധ പോരാട്ടങ്ങളെയും അടയാളപ്പെടുത്തുന്ന ബഹുഭാഷാ പുസ്‌തങ്ങളുടെ വിപുലമായ ശേഖരം ലൈബ്രറിയിലുണ്ടാവും. വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്ത്‌ കേരള സർക്കാർ വിട്ടു നൽകിയ 70 സെന്റ്‌ സ്ഥലത്ത്‌ 1985ലാണ്‌ പെരിയാർ പ്രതിമ തമിഴ്‌നാട്‌ സ്ഥാപിച്ചത്‌. സത്യഗ്രഹ ശതാബ്‌ദി വേളയിൽ വൈക്കത്തെത്തിയ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ്‌ പെരിയാർ സ്‌മാരകം നവീകരിക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌.