നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന നൽകിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ദിലീപിന് വിഐപി പരിഗണന നൽകിയത് ഗൗരവതരമെന്നാണ് ഹൈക്കോടതി നിരീക്ഷണം. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്ന് കോടതി ആരാഞ്ഞു. സോപാനത്തിനു മുന്നിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ദിലീപിന് ദർശനം നടത്തുന്നതിനായി മറ്റുള്ള ഭക്തരെ തടഞ്ഞുവെന്ന് കോടതി നിരീക്ഷിച്ചു.
ദർശനം നടത്തുന്ന സമയത്തെ ദൃശ്യങ്ങൾ കോടതി തുറന്ന കോടതിയിൽ പരിശോധിക്കുകയുണ്ടായി. ഒന്നാം നിരയിലെ എല്ലാ ആളുകളെയും തടഞ്ഞുവെന്നും ആരാണ് ഭക്തരെ തടയാൻ അധികാരം നൽകിയതെന്നും കോടതി ചോദിച്ചു. ശബരിമല സോപാനത്ത് ആർക്കും പ്രത്യേക പരിഗണന വേണ്ട. ദേവസ്വം ബോർഡും, പൊലീസും ഇക്കാര്യം ഉറപ്പുവരുത്തണം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത് കോടതി താക്കീത് നൽകി. വിഷയം നാളെ വീണ്ടും പരിഗണിക്കും.