Kerala

‘കാർബൊറണ്ടം കമ്പനിയെ സഹായിക്കാന്‍ സര്‍ക്കാരിന്റെ കള്ളക്കളി’; ആരോപണവുമായി ചെന്നിത്തല

മണിയാറിൽ നായനാർ സ‍ർക്കാറിൻ്റെ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബി ഒ ടി കാലാവധി ഡിസംബർ 30ന് അവസാനിക്കാനിരിക്കെ 30 ദിവസം മുൻപ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണെന്നും, എന്നാൽ, സർക്കാർ അതിന് തയ്യാറാകുന്നില്ലെന്നും പറഞ്ഞ അദ്ദേഹം, ഇത് കാർബൊറണ്ടം ഗ്രൂപ്പിനായി നടത്തുന്ന കള്ളക്കളിയാണെന്നും ആരോപിച്ചു. ഡൽഹിയിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

നായനാരുടെ കാലത്ത് മണിയാറിൽ ഒരു യൂണിറ്റിന് 50 പൈസക്കാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയതെന്നും, 2023ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തിയെന്നും പറഞ്ഞ അദ്ദേഹം, മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഡാലോചന നടത്തി കമ്പനിക്കായി കള്ളക്കളി കളിക്കുകയാണെന്നും വിമർശിച്ചു. സംസ്ഥാന സർക്കാർ കമ്പനിക്ക് ഈ പദ്ധതി നീട്ടിക്കൊടുക്കാനുള്ള കരാർ അവസാനിപ്പിക്കണമെന്നും, ഇത് കെ എസ് ഇ ബി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിൽ പാർട്ടിയിൽ പുനഃസംഘടന ചർച്ചകളില്ലെന്നും, അനാവശ്യ ചർച്ചകളുണ്ടാക്കി പാർട്ടിയുടെ പേര് നശിപ്പിക്കരുതെന്നും പറഞ്ഞ മുൻ പ്രതിപക്ഷ നേതാവ്, ഇക്കാര്യത്തിൽ ഹൈക്കമാൻഡാണ് തീരുമാനം എടുക്കേണ്ടതെന്നും വ്യക്തമാക്കി.

മാടായി നിയമന വിവാദത്തിൽ രാഘവനെ കുറിച്ചുള്ള ആരോപണം ശരിയാണെന്ന് കരുതുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. വിഷയം അന്വേഷിക്കാൻ കെപിസിസി സമിതിയെ നിയോഗിച്ചിട്ടുണ്ട്. പരാതിയുള്ളവർ കെപിസിസി സമിതിയെ അറിയിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.