World

ഒന്നാമന്‍.. ചരിത്ര നേട്ടം; ലോകചരിത്രത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി ഇലോൺ മസ്‌ക്

ലോകത്തെ അതിസമ്പന്നന്‍മാരില്‍ ഒന്നാമനായി സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്‌ക്. 2021ലാണ് ഇലോൺ മസ്‌ക് ലോകസമ്പന്നനായത്. ഏറെക്കാലം ലോകസമ്പന്നനായിരുന്ന ബിൽ ഗേറ്റ്‌സിനെ ബഹുദൂരം പിന്നിലാക്കിയായിരുന്നു മസ്‌കിന്റെ പുതിയ കുതിച്ചുചാട്ടം. എന്നാൽ ഇപ്പോഴിതാ ചരിത്രത്തിലേറ്റവും സമ്പന്നനായ വ്യക്തി എന്ന നേട്ടം കൂടി  സ്വന്തമാക്കിയിരിക്കുകയാണ് മസ്‌ക്. 400 ബില്യൺ എന്ന കണക്ക് കടക്കുന്ന ആദ്യത്തെ വ്യക്തിയായാണ് മസ്‌ക് പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. നിലവിൽ 447 ബില്യൺ (ഏകദേശം 3,79,27,34,65,50,000 രൂപ) ആണ് മസ്‌കിന്റെ സമ്പത്ത്. ആഗോള സാമ്പത്തിക കണക്കുകൾ നിരീക്ഷിക്കുന്ന ബ്ലൂംബെർഗ് സൂചിക പ്രകാരമാണ് മസ്‌കിന്റെ പുതിയ റെക്കോഡ് ലോകമറിയുന്നത്.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് മസ്‌കിന്റെ സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനമായി കണക്കാക്കുന്നത്. യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ സന്തതസഹചാരിയായിരുന്നു മസ്‌ക്. ഇത് മസ്‌കിന്റെ ഓഹരിമൂല്യം കൂട്ടുന്നതിന് കാരണമായിരുന്നു. ഇതിന് പിന്നാലെ ട്രംപ് വിജയിച്ചത് ടെസ്‌ലയുടെ ഓഹരി മൂല്യം 65 ശതമാനം ഉയർത്തുന്നതിന് കാരണമായി. ഇതും മസ്‌കിന് വളരെ ഗുണം ചെയ്തു.

മസ്‌കിന്റെ ബഹിരാകാശ നിരീക്ഷണ കമ്പനിയായ സ്‌പേസ് എക്‌സിന് ഓഹരിയിൽ ലഭിച്ച നേട്ടമാണ് സമ്പത്ത് പൊടുന്നനെ കൂടാൻ കാരണം. 50 ബില്ല്യണാണ് മസ്‌കിന് ഈ വർഷം മാത്രം സ്‌പേസ് എക്‌സിൽ നിന്ന് നേട്ടമുണ്ടാക്കാനായത്. ഇതോടെ സ്‌പേസ് എക്‌സിന്റെ ആകെ മൂല്യം 350 ബില്ല്യണായാണ് കണക്കാക്കുന്നത്. ഇത് സ്‌പേസ് എക്‌സിനെ ലോകത്തിലെ ഏറ്റവും സമ്പന്നമായ സ്വകാര്യ കമ്പനി എന്ന പദവിക്ക് കൂടുതൽ ബലം നൽകുന്നു. സ്‌പേസ് എക്‌സിന് പുറമെ മസ്‌കിന്റെ വൈദ്യുത കാർ കമ്പനിയായ ടെസ്‌ലയും ഓഹരിയിൽ വൻ നേട്ടമാണുണ്ടാക്കിയത്. 415 ഡോളറാണ് നിലവിൽ കമ്പനിയുടെ ഒരു ഓഹരിയുടെ വില. ഇത് ഏക്കാലത്തെയും ഉയർന്ന നിരക്കാണ്. നിക്ഷേപകർക്ക് ശുദ്ധമായ ഊർജം, മികച്ച വൈദ്യുത വാഹനങ്ങൾ എന്നിവയിൽ ഊന്നുന്ന കമ്പനിയുടെ ഭാവിയിൽ ഉയർന്ന പ്രതീക്ഷയാണുള്ളത്.

പുതിയ ട്രംപ് ഭരണകൂടത്തിന് കീഴിൽ മസ്‌കിന്റെ വൈദ്യുതവാഹനങ്ങളെക്കുറിച്ചുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുമെന്ന് നിക്ഷേപകർ പ്രതീക്ഷിക്കുന്നു. ഇതുകൂടാതെ സ്വയം ഓടുന്ന വാഹനങ്ങൾ എന്ന മേഖലയിൽ ടെസ്‌ല നടത്തുന്ന പരീക്ഷണങ്ങൾ നിക്ഷേപങ്ങൾ കുത്തനെ ഉയരുന്നതിന് കാരണമായി. സ്‌പേസ് എക്‌സിനും ടെസ്‌ലയ്ക്കും പുറമെ മസ്‌കിന്റെ നിർമിത ബുദ്ധി കമ്പനിയായ എക്‌സ് എഐയും മികച്ച നേട്ടമാണ് ഈയടുത്ത് കരസ്തമാക്കിയത്. മെയ് മാസം 25 ബില്ല്യൺ ഡോളറിന്റെ ആസ്തിയുണ്ടായിരുന്ന കമ്പനി നിലവിൽ 50 ബില്ല്യൺ ഡോളർ ആസ്തിയിലെത്തിയിരിക്കുകയാണ്.

ഒറ്റദിവസം കൊണ്ട് മാത്രം 62.8 ബില്യന്‍ ഡോളറിന്‍റെ വര്‍ധനവ് നേടിയ സമ്പന്നനെന്ന റെക്കോര്‍ഡും മസ്കിന് സ്വന്തം. ഒപ്പം ലോകത്തെ 500 അതിസമ്പന്നന്‍മാരുടെ സംയോജിത ആസ്തി 10 ട്രില്യണിലേറെ വര്‍ധിക്കുന്നതിനും മസ്കിന്‍റെ കുതിപ്പ് സഹായിച്ചുവെന്ന് കണക്കുകള്‍ പറയുന്നു. ജര്‍മനി, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദന( GDP)ത്തോളമാണ് ഈ സംയോജിത ആസ്തിയെന്നും കണക്ക് വ്യക്തമാക്കുന്നു.