രക്തത്തിൽ പഞ്ചസാരയുടെ അളവു വർധിക്കുന്ന അവസ്ഥയാണു പ്രമേഹം. ശരീരത്തിൽ ഇൻസുലിൻ ഉൽപാദിപ്പിക്കുന്നതു കുറയുന്നതു മൂലമോ ഇൻസുലിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തിലുള്ള കുറവു മൂലമോ ഇങ്ങനെ സംഭവിക്കാം. പാരമ്പര്യ ഘടകങ്ങളാണു പ്രമേഹത്തിന്റെ പ്രധാന കാരണമായിരുന്നത്. എന്നാൽ സമീപ കാലത്തായി അതിൽ മാറ്റം വന്നു. ജീവിത രീതികളും ഭക്ഷണവുമെല്ലാം മാറ്റം വരുത്തി എന്നുവേണം പറയാൻ. അമിതവണ്ണവും ഭാരവുമെല്ലാം പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു.
ടൈപ് ഒന്ന്:
ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഉൽപാദിപ്പിക്കാൻ പാൻക്രിയാസിനു കഴിയാതെ വരുന്നതു മൂലമുണ്ടാകുന്നതാണു ടൈപ്–ഒന്ന് പ്രമേഹം. ശരീരത്തിൽ ഇൻസുലിന്റെ അളവു വർധിപ്പിക്കാനുള്ള വഴികൾ തേടുകയാണു പ്രതിവിധി.
ടൈപ് രണ്ട്:
ഇൻസുലിനോടു ശരീര കോശങ്ങൾക്കു പ്രതികരിക്കാനുള്ള കഴിവ് ഇല്ലാതാകുന്നതു മൂലമുണ്ടാകുന്നതാണിത്. ക്രമേണ ഇൻസുലിന്റെ അളവു കുറയാനും ഇടയാകുന്നു. അമിതവണ്ണവും വ്യായാമം ഇല്ലായ്മയുമാണു കാരണമാകുന്നത്. 30 വയസ്സിനു മുകളിലുള്ളവരിലാണു സാധാരണ കണ്ടുവരാറ്.
ലക്ഷണങ്ങൾ
വിശപ്പ്, ദാഹം എന്നിവ കൂടുക, ഭാരം കുറയുക, ഇടവിട്ട് മൂത്രമൊഴിക്കാൻ തോന്നുക എന്നിവയാണു ലക്ഷണങ്ങൾ.
അരി ആഹാരം മാറ്റി ഗോതമ്പും ഓട്സും ശീലമാക്കിയാൽ പ്രമേഹരോഗിയുടെ ആഹാരമായി എന്ന ചിന്ത തെറ്റാണ്. അരി, ഗോതമ്പ്, ചോളം, ഓട്സ്, റവ, മൈദ എന്നിവയിലെല്ലാം അന്നജം അഥവാ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അളവിൽ ചില വ്യത്യാസങ്ങൾ ഉണ്ടെന്നുമാത്രം. നാരുകൾ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കാൻ ശ്രദ്ധിക്കണം. വാഴക്കൂമ്പ്, വാഴപ്പിണ്ടി, പഴവർഗങ്ങൾ, വേവിക്കാത്ത പച്ചക്കറികൾ, സലാഡുകൾ എന്നിവ ഉദാഹരണങ്ങളാണ്. പ്രാതലിനു ശേഷം പ്രമേഹരോഗികളിൽ ചിലപ്പോൾ അമിതമായി ഗ്ലൂക്കോസ് ഉയരും. ഉച്ചയ്ക്ക് ഊണിനു ശേഷം പോലും ബ്ലഡ് ഷുഗർ നില ഇത്രത്തോളം ഉയരാറില്ല. ഇഡ്ഡലി, പുട്ട്, അപ്പം എന്നീ ഭക്ഷണത്തിന്റെ കൂടെ സാമ്പാർ, പയർ, കടല എന്നീ മാംസ്യം അടങ്ങിയ കറികൾ ഉപയോഗിക്കുന്നതിലൂടെ ഗ്ലൂക്കോസിന്റെ അളവു കൂടുന്നത് ഒഴിവാക്കാനാകും. വേവിക്കാത്ത പച്ചക്കറികളും പഴുപ്പ് കുറഞ്ഞ പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. അത്താഴം ഉറങ്ങാൻ കിടക്കുന്നതിനു ചുരുങ്ങിയത് 3 മണിക്കൂറെങ്കിലും മുൻപു കഴിക്കുക.
ശീലമാക്കാം ഇതൊക്കെ
അപേക്ഷിക്കൂ, ഗ്ലൂക്കോമീറ്റർ കിട്ടും
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള പ്രമേഹ രോഗികളുടെ ജീവിതത്തിൽ അൽപം ‘മധുരം’ പകരാൻ സാമൂഹിക നീതി വകുപ്പ്. പ്രമേഹരോഗ പരിശോധനയ്ക്ക് ഗ്ലൂക്കോമീറ്റർ സൗജന്യമായി നൽകുന്നു. വയോമധുരം എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷ നൽകാം. പ്രായം 60 വയസ്സിനു മുകളിലായിരിക്കണം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണെന്നു തെളിയിക്കുന്നതിനായി റേഷൻ കാർഡിന്റെ കോപ്പി സ്വയം സാക്ഷ്യപ്പെടുത്തി നൽകണം. വയസ്സ് തെളിയിക്കുന്നതിനായി ആധാർ കാർഡിന്റെ പകർപ്പും വേണം. പ്രമേഹ രോഗിയാണെന്ന എൻആർഎച്ച്എം അല്ലെങ്കിൽ സർക്കാർ ഡോക്ടറുടെ കുറിപ്പുമുണ്ടെങ്കിൽ അപേക്ഷിക്കാം. സാമൂഹിക നീതി വകുപ്പിന്റെ ജില്ലാ ഓഫിസുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോം sjd kerela.gov.in എന്ന വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം.
സർക്കാർ പദ്ധതികൾ
content highlight: know about diabetes