തൃശൂർ ഏങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകന്റെ മരണത്തിൽ പൊലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ കോടതിയുടെ ഉത്തരവ്. തൃശൂർ എസ്സി-എസ്ടി കോടതിയാണ് ഉത്തരവിട്ടത്. വിനായകന്റെ പിതാവും ദളിത് സമുദായ മുന്നണിയും നൽകിയ ഹർജിയിലാണ് ഉത്തരവ്.
2017 ജൂലൈ 17 നാണ് സുഹൃത്തുക്കളുമൊന്നിച്ച് വഴിയരികിൽ നിന്നിരുന്ന വിനായകനെന്ന 18 കാരനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. മാല മോഷ്ടിച്ചു എന്നാരോപിച്ച് മർദിക്കുകയും ചെയ്തിരുന്നു. മുടി മുറിക്കണം എന്നു നിർദ്ദേശിച്ചാണ് പിതാവിനൊപ്പം വിട്ടയച്ചത്. മർദ്ദനവും അപമാനവും സഹിക്കാൻ വയ്യാതെ വിനായകൻ ആത്മഹത്യ ചെയ്യുകയായിരുന്നു. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രത്തിൽ മർദ്ദിച്ച പൊലീസുകാർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിരുന്നില്ല. കുടുംബം കോടതിയെ സമീപിച്ചതിനെ തുടർന്ന് തുടരന്വേഷണവും നടന്നു. അപ്പോഴും പ്രതി പട്ടികയിൽ പൊലീസുകാർ ഉൾപെട്ടിരുന്നില്ല.