പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് തുമ്മൽ. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ തുമ്മിക്കൊണ്ട് ദിവസം തുടങ്ങുകയാണെങ്കിൽ ഒരു ദിവസത്തിലെ ഉന്മേഷം മുഴുവൻ അതോടെ ചോർന്നു പോകും. തുമ്മലിലൂടെ ഒരു ദിവസം ആരംഭിക്കുന്ന എല്ലാവരും ഒന്ന് ശ്രദ്ധിച്ചിരുന്നോളൂ. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെയുള്ള തുമ്മൽ ചിലർക്ക് പത്തോ പതിനഞ്ചോ മിനിറ്റ് വരെ നീണ്ടുനിൽക്കാം. പലരും ഇതിനെ കാര്യമാക്കി എടുക്കാതെ നിസ്സാരവൽക്കരിച്ച് തള്ളിക്കളയുകയാണ് പതിവ്. എന്നാൽ തള്ളിക്കളയേണ്ട ഒന്നല്ല ഈ തുമ്മൽ. തുമ്മൽ കൂടിയാൽ അത് ക്രമേണ ശ്വാസകോശത്തിലെ നീർക്കെട്ടിലേക്ക് നയിക്കും. അതിനാൽ തുടക്കത്തിൽ തന്നെ ജാഗ്രത വേണം.
മൂക്കിൽ നിന്ന് പ്രകോപനം സൃഷ്ടിക്കുന്ന ഘടകങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ശരീരത്തിന്റെ സ്വാഭാവിക സംവിധാനമാണ് തുമ്മൽ. അഴുക്ക്, കൂമ്പോള, പുക, പൊടി തുടങ്ങിയ വസ്തുക്കൾ മൂക്കിലേക്ക് പ്രവേശിക്കുമ്പോഴെല്ലാം, ഇത് വായു കടന്നുപോകുന്നതിനും പൊടിപടലങ്ങൾ നീക്കം ചെയ്യുന്നതിനുമായി തുമ്മുന്നതിന് കാരണമാകുന്നു. ലളിതമായി പറഞ്ഞാൽ, പുറമെ നിന്നുള്ള ബാക്ടീരിയകൾക്കെതിരായ നമ്മുടെ ശരീരത്തിന്റെ ആദ്യത്തെ പ്രതിരോധമാണ് തുമ്മൽ. ഇത് ഒരു റിഫ്ലെക്സ് പ്രവർത്തനമാണ് എന്നതിനാൽ കുറച്ച് സമയത്തിന് ശേഷം സ്വയം നിൽക്കുന്നു. എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ, നിരന്തരമായ തുമ്മൽ നമ്മെ അങ്ങേയറ്റം അസ്വസ്ഥരാക്കുകയും ശ്വാസം മുട്ടൽ പോലും ഉണ്ടാക്കുകയും ചെയ്യും. രാവിലെയുള്ള തുമ്മൽ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില ഒറ്റമൂലികൾ നോക്കാം.
ചെറുനാരങ്ങയുടെ നീര് ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തിൽ ഒഴിച്ചശേഷം ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ചെറുചൂടോടെ രാത്രി ഭക്ഷണത്തിനുശേഷം കഴിക്കുക. ഇത് രണ്ടോ മൂന്നോ ദിവസം ആവർത്തിക്കുക. പിന്നെ രാവിലെ എഴുന്നേൽക്കുമ്പോൾ തുമ്മലിന്റെ ശല്യം ഉണ്ടാകില്ല. ഏലയ്ക്കാപ്പൊടി തേനിൽ ചാലിച്ച് കഴിക്കുന്നത് ചുമ, ജലദോഷം എന്നിവ അകറ്റാൻ സഹായിക്കും. ഏലയ്ക്ക വെറുതെയോ ചായയിലോ ചേർത്ത് കഴിക്കുന്നത് തുമ്മൽ അകറ്റാൻ സഹായിക്കും. ചതച്ച തുളസിയിലയും കുരുമുളകുപൊടിയും ഒരു ഗ്ലാസ്സ് വെള്ളത്തിൽ ചേർത്ത്, തിളപ്പിച്ച് നേർ പകുതിയാക്കി കഴിച്ചാൽ ജലദോഷം, ചുമ, എന്നിവ ശമിക്കും.
തുമ്മൽ അകറ്റാൻ ഏറ്റവും നല്ലതാണ് തേൻ. തേനിൽ ഡക്സ്ട്രോമിത്തോഫൻ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് ചുമ, തുമ്മൽ, ജലദോഷം എന്നിവ അകറ്റാൻ സഹായിക്കും. രണ്ട് ടീസ്പൂൺ തേനിൽ അൽപം നാരങ്ങനീര് ചേർത്ത് കഴിക്കുന്നത് തുമ്മൽ ശമിക്കാൻ സഹായിക്കും.