സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഇനിയും നീളും. സാങ്കേതിക കാരണങ്ങളാൽ വിധി പറയുന്നത് റിയാദ് കോടതി മാറ്റിയിരിക്കുകയാണ്. അടുത്ത സിറ്റിങ്ങിൽ വിധിയുണ്ടാകുമെന്നാണ് കോടതി അറിയിച്ചത്. റഹീമിന്റെ കേസ് മാത്രമല്ല, ഇന്ന് പരിഗണിക്കേണ്ട മുഴുവൻ കേസുകളിലും കോടതി വിധി മാറ്റിയിട്ടുണ്ടെന്ന് അബ്ദുൽ റഹീം നിയമസഹായ സമിതി ഭാരവാഹികൾ അറിയിച്ചു. ഓൺലൈനായാണ് കോടതി ചേർന്നത്. ഇതിനിടെയുണ്ടായ സാങ്കേതിക തടസങ്ങളെ തുടർന്നാണു കോടതി കേസ് പരിഗണിക്കുന്നതു മാറ്റിയത്. അടുത്തു തന്നെ മറ്റൊരു ദിവസം വീണ്ടും പരിഗണിക്കുമെന്ന് കോടതിയിൽനിന്ന് അറിയിച്ചിട്ടുണ്ടെന്നും സഹായ സമിതി ഭാരവാഹികൾ പറഞ്ഞു.
റഹീമിന്റെ മോചനവിധി ഇന്നുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. 18 വർഷത്തിനുശേഷം നാട്ടിലേക്കു മടങ്ങാനാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബവും ബന്ധുക്കളും നിയമസഹായ സമിതിയും.