കോഴിക്കോട് പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ കാർ ഇടിച്ച് യുവാവ് മരിച്ച സംഭവത്തിൽ കാർ ഓടിച്ച സാബിത് റഹ്മാൻ, റയീസ് എന്നിവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് സാബിത് റഹ്മാന്റെ ലൈസൻസ് റദ്ദാക്കിയത്. ആൽവിനെ ഇടിച്ച ബെൻസ് ജി വാഗൺ സാബിത് ആണ് ഓടിച്ചിരുന്നത്. കൂടെ ഉണ്ടായിരുന്ന ലാൻഡ് റോവർ ഡിഫെൻഡർ കാർ ഓടിച്ചിരുന്ന റയീസിന്‍റെ ലൈസെൻസ് 6 മാസത്തേക്കും റദ്ദാക്കി. ബെൻസ് കാറിന് ഇൻഷുറൻസും കേരള ടാക്സ് അടച്ച രേഖകളും ഇല്ലായിരുന്നു. രണ്ട് വാഹനങ്ങളും സ്ഥിരം രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചില്ലെന്നും കണ്ടെത്തി. ഇതടക്കമുള്ള നിയമ ലംഘനങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തിന് മോട്ടോർ വാഹന വകുപ്പ് രൂപം നൽകി.