മരണപ്പെട്ട കണ്ണൂർ മുൻ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ. നവീൻ ബാബു തൂങ്ങിമരിച്ചു എന്നു പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും കൊല നടത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് സംശയിക്കേണ്ടിവരുമെന്നും, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മഞ്ജുഷ ആരോപിച്ചു. ശരിയായ രീതിയിലുള്ള പോസ്റ്റുമോർട്ടം നടന്നില്ല. ഇൻക്വസ്റ്റിൽ കഴുത്തിൽ കണ്ടെത്തിയ പാട് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇല്ല. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങളും നൽകുന്നില്ല. 55 കിലോ ഭാരമുള്ള നവീൻ എങ്ങനെ ചെറിയ കയറിൽ കെട്ടിതൂങ്ങി മരിക്കുമെന്നും ഹർജിക്കാരി ചോദിച്ചു.
വലിയ രാഷ്ടീയ സ്വാധീനമുള്ള വ്യക്തിയാണ് പ്രതി. സത്യസന്ധമായ അന്വേഷണം നടക്കില്ല, സർക്കാർ പ്രതിയെ സംരക്ഷിക്കും. കൃത്യമായ അന്വേഷണം നടക്കണമെങ്കിൽ CBI വേണമെന്ന് ഹർജിക്കാരി കോടതിയിൽ വ്യക്തമാക്കി. എന്നാൽ കേരളാ പൊലീസിനെ വില കുറച്ച് കാണരുതെന്ന് കോടതി പറഞ്ഞു. എന്നാൽ കേരളാ പൊലീസിനെ വില കുറച്ച് കാണുകയോ അന്വേഷണ സംഘത്തെക്കുറിച്ച് സംശയമോ തങ്ങൾക്കില്ല, നല്ല ടീമാണ് പക്ഷെ ചില രാഷ്ട്രീയ സമ്മർദമൊഴിച്ചാൽ പൊലീസിനെ കുറിച്ച് മോശം അഭിപ്രായമില്ലെന്നും സിബിഐയ്ക്ക് മികച്ച രീതിയിൽ അന്വേഷിക്കാൻ സംവിധാനമുണ്ടെന്നും” ഹർജിക്കാരി കോടതിയിൽ.
വിവാദ പെട്രോൾ പമ്പ് ഉടമ പ്രശാന്തന്റെ പരാതി സംബന്ധിച്ച് മുഖ്യമന്ത്രിക്ക് വിവരാവകാശ അപേക്ഷ നൽകിയിരുന്നു എന്നാൽ അതിന് ഇതുവരെ മറുപടി നൽകിയിട്ടില്ല. പ്രതിയെ സംരക്ഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ പ്രതി ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ സ്വീകരിക്കാൻ പോയി. പ്രതികൾക്ക് പല പൊലീസുദ്യോഗസ്ഥരുമായി ബന്ധമുണ്ടാകും, അതിലെന്താണ് കുഴപ്പമെന്ന് കോടതി. പൊലീസ് അന്വേഷിക്കുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.