Kerala

കല്ലടിക്കോട് അപകടം; പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകി പാലക്കാട് എഡിഎം – kalladikkode accident

പ്രശ്‌നപരിഹാരം കാണുമെന്ന എഡിഎമ്മിന്റെ ഉറപ്പില്‍ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

കല്ലടിക്കോട് നാല് വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടുകാര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി പാലക്കാട് എഡിഎം. സംഭവത്തിൽ നാളെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ നാട്ടുകാരുടെ ഭാഗത്തുനിന്നുള്ളവരും പങ്കെടുക്കും. പ്രശ്‌നപരിഹാരം കാണുമെന്ന എഡിഎമ്മിന്റെ ഉറപ്പില്‍ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു.

സ്ഥിരം അപകടം നടക്കുന്ന കല്ലടിക്കോട് പനയമ്പടത്താണ് നാല് വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ ഈ അപകടം നടന്നത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ നിയന്ത്രണംവിട്ടുവന്ന സിമന്റ് ലോറി ഇവരുടെ ദേഹത്തേയ്ക്ക് മറിയുകയായിരുന്നു. ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. ഇതിന് പിന്നാലെ നാട്ടുകാര്‍ റോഡ് ഉപരോധിച്ച് വൻ പ്രതിഷേധം നടത്തിയിരുന്നത്.

സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അന്വേഷണം പ്രഖ്യാപിച്ചു. സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണെന്നും അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

STORY HIGHLIGHT: kalladikkode accident