വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനു നല്‍കിയിരിക്കുന്ന സഹകരണം തുടരണമോയെ ന്ന് പ്രതിപക്ഷം ചിന്തിക്കുകയാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വയനാട് പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പൂര്‍ണ അവഗണനയാണ്. കേന്ദ്രം ഇതുവരെ പണം നല്‍കിയിട്ടില്ല. സംസ്ഥാനം കണക്ക് നല്‍കിയില്ല എന്ന് പറയുന്നുണ്ടെങ്കിലും കണക്ക് നല്കുന്നതിനു മുന്‍പ് തന്നെ പണം നല്‍കാമായിരുന്നുവെന്നും സതീശൻ പറഞ്ഞു.
വയനാട് പുനരധിവാസത്തിനു വേണ്ടി 681 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാലറി ചലഞ്ചായി വന്നത് ഉള്‍പ്പെടെ 7 കോടി 65 ലക്ഷമാണ് ഇതുവരെ ചെലവഴിച്ചത്. അതിനാൽ 681 കോടിയും എസ്ഡിആര്‍എഫിലെ 700 കോടിയും കയ്യില്‍ ഉള്ളപ്പോള്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഒരു പ്രശ്നവുമില്ല. എന്നാല്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കോണ്‍ഗ്രസും ലീഗും കര്‍ണാടക സര്‍ക്കാരും 100 വീട് വീതവും യൂത്ത് കോണ്‍ഗ്രസ് 30 വീടും നിർമിച്ചു നല്‍കാമെന്ന് അറിയിച്ചിട്ടും സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നില്ല.
സ്ഥലം എടുക്കുന്നത് സംബന്ധിച്ച് ഇടപെടല്‍ നടത്താതെ അതിനെയും വ്യവഹാരത്തിലേക്ക് കൊണ്ടുപോവുകയാണ്. സ്ഥലം ഏറ്റെടുക്കല്‍ ഒരു കാരണവശാലും വ്യവഹാരങ്ങളിലേക്ക് പോകരുതെന്ന് സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടതാണെന്നും സതീശൻ പറഞ്ഞു.
സംഘടനാപരമായ കാര്യങ്ങളില്‍ പരസ്യമായി അഭിപ്രായം പറഞ്ഞ് പാവപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ വേദനിപ്പിക്കല്ല. എല്ലാവരെയും കൂട്ടി യോജിപ്പിച്ച് പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ചെയ്യുന്നുണ്ട്. സിപിഎം നേരിടുന്ന ജീര്‍ണത എസ്എഫ്ഐയെയും ബാധിച്ചിരിക്കുകയാണ്. ഇതു സ്റ്റാലിന്റെ കേരളമല്ലെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
STORY HIGHLIGHT: vd satheesan questions wayanad rehabilitation