Kerala

കുഞ്ഞിന് അസൗകര്യമാകരുതെന്ന് കരുതി ട്രെയിൻ യാത്ര കാറിലാക്കി; തിരുവല്ല സ്വദേശികളെ കാത്തിരുന്നത് വൻ ദുരന്തം – car accident

മൃതദേഹങ്ങൾ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

ട്രെയിനിലെ യാത്ര രണ്ടു മാസം പ്രായമുള്ള കുഞ്ഞിന് അസൗകര്യമാകരുതെന്ന് കരുതി കാറിലാക്കി തിരുവല്ല സ്വദേശികളെ കാത്തിരുന്നത് വൻ ദുരന്തം. കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപാസിൽ കാറും വാനും കൂട്ടിയിടിച്ചാണ് തിരുവല്ല ഇരവിപേരൂർ കുറ്റിയിൽ ജേക്കബ് എബ്രഹാം, ഭാര്യ ഷീല ജേക്കബ്, പേരക്കുട്ടി രണ്ടുമാസം പ്രായമായ ആരോൺ ജേക്കബ് തോമസ് എന്നിവരാണ് മരിച്ചത്. മകൾ എലീന തോമസ് ഗുരുതര നിലയിൽ ചികിത്സയിലാണ്.

നഴ്സിങ് വിദ്യാർ‌ഥിനിയായ എലീനയുടെ പരീക്ഷയ്ക്കായാണ് കുടുംബം ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. ഈ മാസം 16 മുതൽ 20 വരെയാണ് പരീക്ഷ. എലീനയുടെ സഹോദരൻ അതുൽ ബെംഗളൂരുവിലുണ്ട്. അതുലിന്റെ വീട്ടിൽ‌നിന്നു പഠിക്കാനും പരീക്ഷയ്ക്കു പോകാനായിരുന്നു തീരുമാനം. എന്നാൽ യാത്രാമധ്യേ ഇവരെ കാത്തിരുന്നത് വലിയ ദുരന്തം. മധുക്കര എൽആൻഡ്ടി ബൈപാസിൽ നയാര പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം.

എലീനയുടെ ഭർത്താവ് പുനലൂർ സ്വദേശി അനീഷ് സൗദിയിലാണ്. 5 വയസ്സുകാരിയായ മൂത്ത മകളെ ഭർത്താവിന്റെ പുനലൂരിലെ വീട്ടിലാക്കിയ ശേഷമാണ് എലീന പിതാവിനും മാതാവിനുമൊപ്പം ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. പാലക്കാട് ഭാഗത്തേക്കു പോവുകയായിരുന്ന  വാനുമായാണ് കാർ ഇടിച്ചത്. മൃതദേഹങ്ങൾ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

STORY HIGHLIGHT: car accident