Health

അജിനോമോട്ടോ ഒരു ഭീകരനല്ല; പേടിപ്പെടുത്തുന്ന കാര്യങ്ങളിലെ വാസ്തവം | is ajinomoto harmful to health

അജിനോമോട്ടോ എന്താണെന്ന് അടിസ്ഥാനപരമായി പറയാനാണെങ്കിൽ ഇത് നമ്മുടെ രുചിയെ സ്വാധീനിക്കുന്ന ഒരുതരം ഭക്ഷ്യ പദാർത്ഥമാണ് എന്നു പറയാം.

അജിനോമോട്ടോ എന്ന പേര് കേൾക്കാത്ത ഭക്ഷണപ്രേമികൾ ഉണ്ടാകില്ല. നമ്മുടെ ശരീരത്തിന് ദോഷകരമായ വസ്തു എന്ന പേരിൽ ആകും അജിനോമോട്ടോ എന്ന പേര് നമ്മൾ കേട്ടിട്ടുണ്ടാവുക. ‘ഇവിടെ അജിനോമോട്ടോ ഉപയോഗിക്കുന്നില്ല’ എന്ന് തന്നെ പല റെസ്റ്റോറന്റുകളിലും എഴുതിവച്ചിരിക്കുന്നത് പോലും കാണാൻ സാധിക്കും. നമ്മൾ ഇതുവരെ കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്ത ഒരു പദാർത്ഥത്തെ ഇങ്ങനെ പേടിക്കുന്നത് എന്തിനാണ് ? സത്യത്തിൽ അജിനോമോട്ടോ ഒരു ഭീകരനാണോ ?

പലകാര്യങ്ങളിലും പല മുൻധാരണകൾ വച്ചുപുലർത്തുന്നവരാണ് മനുഷ്യർ. അത്തരത്തിൽ അജിനോമോട്ടോയെ കുറിച്ച് നമ്മുടെ സമൂഹത്തിൽ പേടിപ്പെടുത്തുന്നതും ചിന്തിപ്പിക്കുന്നതുമായ പല മുൻധാരണകളും നിലനിൽക്കുന്നുണ്ട്. നമ്മുടെ ശരീരത്തെ വേരോട് തന്നെ പിഴുതെറിയാൻ ശക്തിയുള്ള കെമിക്കലുകളിൽ മുൻപന്തിയിലുള്ള ആൾ, കാൻസറടക്കമുള്ള ഭീകരരോ​ഗങ്ങൾക്ക് വഴികാട്ടി, എത്ര രുചിയില്ലാത്ത ഭക്ഷണത്തെയും രുചിയും മണവും ഉള്ളതാക്കി മാറ്റുന്ന രാസവസ്തു അങ്ങനെ അജിനോമോട്ടോയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്. സത്യത്തിൽ ഇവൻ ആരാണ് എന്നു പോലും അറിയാത്ത പലരും പുറത്തുനിന്ന് ഭക്ഷണം വാങ്ങിയാൽ ഉടൻതന്നെ ഇതിലൊക്കെ അജിനോമോട്ടോ ആണ് എന്ന് പറയുന്നതും നമ്മൾ കേൾക്കാറുണ്ട്. എന്നാൽ ഈ പറഞ്ഞുവെക്കുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? ആരോ എപ്പഴോ പറഞ്ഞ കാര്യങ്ങൾ അതേപടി പലരും സത്യമാണോ എന്ന് പോലും നോക്കാതെ ആവർത്തിക്കുകയാണ്. സത്യത്തിൽ അജ്നോ മോട്ടോ അത്ര കുഴപ്പക്കാരനാണോ ? നോക്കാം

ചൈനീസ് ശൈലിയിലുള്ള ഭക്ഷണപദാർത്ഥങ്ങളിൽ ആണ് കൂടുതലായും അജിനോമോട്ടോ ചേർക്കുന്നത് എന്നാണ് പറയപ്പെടുന്നത്. അങ്ങനെയെങ്കിൽ ചൈനയിൽ ജീവിക്കുന്ന ആളുകളുടെ കാര്യമോ ? ഈ പറഞ്ഞതുപോലെ അജിനോമോട്ടോ ഒരു ഭീകരൻ ആണെങ്കിൽ അവിടെ ജീവിക്കുന്ന പകുതി പേരും ഇപ്പോൾ പല രോഗങ്ങൾക്കും അടിമ പെട്ട് മരിച്ചെന്ന് പറയാം. എന്നാൽ ലോക ജനസംഖ്യയിൽ ഒന്നാമനായി നിൽക്കുന്നത് ഇപ്പോഴും ചൈന തന്നെയാണ് എന്ന സത്യം നിങ്ങൾ മറക്കരുത്.

നമ്മളെല്ലാം വിചാരിച്ചു വെച്ചിരിക്കുന്നത് പോലെ യഥാർത്ഥത്തിൽ അജിനോമോട്ടോ എന്ന ഒരു വസ്തു അല്ല. മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന എം.എസ്.ജിയെ ( MSG) ആണ് നമ്മളീ അജിനമോട്ടോ എന്ന പേരിട്ടു വിളിക്കുന്നത്. ആ പേരാകട്ടെ നൂറുകണക്കിന് വർഷങ്ങൾക്കു മുൻപ് സ്ഥാപിതമായ ഒരു കമ്പനിയുടേതും. 1908 ൽ ജാപ്പനീസ് രസതന്ത്രജ്ഞനായ കിക്കുനേ ഇകെഡെ എന്നയാളാണ് ഈ ഒരു പദാർത്ഥം ആദ്യമായി നിർമ്മിച്ചെടുക്കുന്നത്. നമ്മൾ കഴിക്കുന്ന പല ഭക്ഷണങ്ങളിലും അടങ്ങിയിരിക്കുന്ന ഗ്ലൂട്ടാമിക് ആസിഡ് എന്ന ഘടകം ആ ഭക്ഷണത്തിന് സവിശേഷമായ രുചി പകർന്നു നൽകുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ഭക്ഷ്യയോഗ്യമായ വസ്തുക്കളിൽ നിന്ന് ഇവ വേർതിരിച്ചെടുത്ത് ഒരു പ്രത്യേക രസം പുനർനിർമ്മിച്ചുകൊണ്ട് ഭക്ഷണങ്ങൾക്ക് കൂടുതൽ രുചിയും മണവും നൽകുന്ന ഒരു ഫ്ലേവർ എൻഹാൻസർ സൃഷ്ടിക്കാൻ അദ്ദേഹം പരിശ്രമിച്ചു.

ഇത് വൻ വിജയമായതോടെ 1909-ൽ അജിനോമോട്ടോ എന്ന ജാപ്പനീസ് കമ്പനി എം.എസ്.ജി എന്ന ഈയൊരു പദാർത്ഥം ഏറ്റെടുത്തുകൊണ്ട് വാണിജ്യപരമായി നിർമ്മിക്കാനും വിൽപ്പന നടത്താനുമെല്ലാം തുടങ്ങി. ഈ പദാർത്ഥത്തെ ആണ് നമ്മൾ കുറേക്കാലമായി അജിനോമോട്ടോ എന്ന പേരിട്ട് വിളിച്ചു വരുന്നത്.

ഇനി എംഎസ്ജി അഥവാ നമ്മുടെ അജിനോമോട്ടോ എന്താണെന്ന് അടിസ്ഥാനപരമായി പറയാനാണെങ്കിൽ ഇത് നമ്മുടെ രുചിയെ സ്വാധീനിക്കുന്ന ഒരുതരം ഭക്ഷ്യ പദാർത്ഥമാണ് എന്നു പറയാം. നമ്മുടെ നാവിന് തിരിച്ചറിയാവുന്ന അഞ്ച് തരം രസങ്ങൾ ഉണ്ട്. മധുരം, ഉപ്പ്, പുളി, കയ്പ്പ്, എരിവ് എന്നിവയാണ് അവ അഞ്ചും.

എന്നാൽ ഇവ കൂടാതെ മറ്റൊന്നു കൂടി ഉണ്ട്, അതിൻറെ പേരാണ് ഉമാമി. ഒരു ജപ്പാനീസ് പേരാണിത്. മലയാളത്തിൽ നമുക്കിവിടെ പറയാൻ ഇതിന് പ്രത്യേകം പേരൊന്നും ഇല്ല. മാത്രമല്ല ഇത് നമ്മുടെ നാവിന് നേരിട്ട് രുചി പകരുന്ന ഒന്നല്ല, മറിച്ച് നമ്മൾ കഴിക്കുന്ന ഏതൊരു ഭക്ഷണത്തിൻ്റെയും രുചിയും മണവും ഇരട്ടിയാക്കാൻ കഴിവുള്ള ഒരു രാസപദാർത്ഥം ആണിത്. രസകരമായ ഒരു വസ്തുത എന്തെന്നാൽ നമ്മൾ കഴിക്കുന്ന ചെറുതും വലുതുമായ പച്ചക്കറികൾ മുതൽ മാംസ ഭക്ഷണങ്ങളിൽ വരെ ഇപ്പറഞ്ഞ ഉമാമി രസമായ ഗ്ലൂട്ടാമിക് ആസിഡ് അടങ്ങിയിരിക്കുന്നു.

സ്വാഭാവികമായും ഉണ്ടാകുന്ന ഗ്ലൂട്ടാമിക് ആസിഡിൽ നിന്ന് നിർമ്മിച്ച ഒരു സംയുക്തമാണ് ഈ പറഞ്ഞ എം എസ് ജി. അതായത് പ്രധാനമായും സസ്യ അധിഷ്ഠിത ചേരുവകളായ കരിമ്പ്, സോഡിയം, കസവ അല്ലെങ്കിൽ ചോളം തുടങ്ങിയവയിൽ നിന്നൊക്കെയാണ് എം.എസ്.ജി എന്ന പദാർത്ഥവും നിർമ്മിച്ചെടുക്കുന്നത്. നൂഡിൽസ്, അരി ഭക്ഷണങ്ങൾ, സൂപ്പ്, സാലഡുകൾ തുടങ്ങി നാം കഴിക്കാൻ ഇഷ്ടപ്പെടുന്ന ഏതു ഭക്ഷണങ്ങളിൽ ചേർത്താലും ഇതതിൻറെ രുചിയും ഗന്ധവും വർദ്ധിപ്പിക്കും എന്ന കാര്യം തീർച്ചയാണ്.

ആരോ​ഗ്യത്തിന് ദോഷം ?

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) ഇക്കാലമത്രയും നടത്തിയ പഠനങ്ങളിൽ നിന്നും എം‌.എസ്‌.ജിയെ ഇതുവരെ അപകടമുണ്ടാക്കുന്ന ഒരു ഘടകമായി തരംതിരിക്കാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല അവ ഒരു പരിധിയിൽ കവിയാതെ ഉപയോഗിക്കുന്നത് പൊതുവെ സുരക്ഷിതമെന്നും അംഗീകരിക്കപ്പെടുന്നു.

എം‌എസ്‌ജി നിങ്ങളുടെ ഭക്ഷണങ്ങളിൽ ചെറിയ അളവിൽ ഉപയോഗിക്കാമെന്നും ഈ പദാർത്ഥം ഇനി അഥവാ അമിതമായോ പതിവായോ ഉപയോഗിച്ചാൽ നിങ്ങളുടെ ശരീരത്തിന് ഹാനികരമായ ഗുണങ്ങൾ ഉണ്ടാകുമെന്നുള്ള വസ്തുതകൾ ഒന്നും തന്നെ ഇതുവരെ കണ്ടെത്താനോ തെളിയിക്കാനോ കഴിഞ്ഞിട്ടില്ല. മാത്രമല്ല പച്ചക്കറികൾ, ചീസ്, തക്കാളി, മത്സ്യം, മാംസം, മുട്ട, പയറ്, മറ്റ് പാൽ ഉൽപന്നങ്ങൾ എന്നിവയിൽ കാണപ്പെടുന്ന ഒരു സാധാരണ അമിനോ ആസിഡ് കൂടിയാണ് ഗ്ലൂട്ടാമിക് ആസിഡ് വേർതിരിച്ചെടുത്തു കൊണ്ട് തന്നെയാണ് ഈ പദാർത്ഥം നിർമ്മിച്ചിരിക്കുന്നതും. അതുകൊണ്ടു തന്നെ ഏറ്റവും സ്വാഭാവികമായ രീതിയിൽ ഉണ്ടാക്കിയെടുക്കുന്ന പദാർത്ഥം തന്നെയാണ് ഇതുമെന്ന് കരുതാം.

കഴിച്ചാൽ എന്തെങ്കിലും പ്രശ്നം ?

സോഡിയം കൂടുതലായി നമ്മുടെ ഉള്ളിൽ ചെന്നാൽ ഉണ്ടാകാൻ സാധ്യതയുള്ള ചെറിയ ആരോഗ്യ പ്രശ്നങ്ങളെ പേടിച്ച് ഗർഭിണികളും ബ്ലഡ് പ്രഷർ പ്രശ്നങ്ങളുള്ളവരും ഈ പദാർത്ഥം അധികമായി കഴിക്കരുത് എന്ന് പറയാറുണ്ട്. സാധാരണ ഗതിയിൽ, ഒരു നേരത്തെ ഭക്ഷണത്തിൽ, അര ഗ്രാമോളം എം.എസ്.ജി ചേർത്താൽ അതിൻറെ രുചിയും സുഗന്ധവും വർദ്ധിക്കും. അതിന്റെ ആറിരട്ടിയിലധികം കഴിച്ചെങ്കിൽ മാത്രമേ ഒരാളിൽ ചെറുതായെങ്കിലും ഇതിൻറെ പാർശ്വഫലങ്ങൾ പ്രത്യക്ഷമാവാനുള്ള സാധ്യത കാണുന്നുള്ളൂ.

ചുരുക്കി പറഞ്ഞാൽ ഉപ്പും പഞ്ചസാരയുമൊക്കെ ആവശ്യത്തിൽ കൂടുതൽ കഴിച്ചാൽ നമുക്ക് ഉണ്ടാവുന്നത്ര പ്രശ്നങ്ങൾ പോലും ഇത് കഴിച്ചാൽ ഉണ്ടാവുകയില്ല എന്നതാണ് യാഥാർത്ഥ്യം.

എം.എസ്.ജി (മോണോസോഡിയം ഗ്ലൂട്ടാമേറ്റ്) യുടെ ആരോഗ്യ ഗുണങ്ങൾ:

രുചി വർധിപ്പിക്കുന്നു
– എം.എസ്.ജി ഭക്ഷണത്തിന്റെ സ്വാഭാവിക രുചി വർധിപ്പിക്കുന്നു.
– ഉമാമി എന്ന അഞ്ചാമത്തെ അടിസ്ഥാന രുചി നൽകുന്നു.
– മാംസ്യവും രുചികരവുമായ സ്വാദ് നൽകുന്നു.

സോഡിയം കുറയ്ക്കുന്നു
– സാധാരണ ഉപ്പിനേക്കാൾ കുറഞ്ഞ സോഡിയം അടങ്ങിയിരിക്കുന്നു.
– എം.എസ്.ജിയിൽ 12% സോഡിയം മാത്രമേ ഉള്ളൂ, സാധാരണ ഉപ്പിൽ 40% ഉണ്ട്.
– ഉപ്പിന് പകരം എം.എസ്.ജി ഉപയോഗിക്കുന്നത് സോഡിയം അളവ് കുറയ്ക്കാൻ സഹായിക്കും.

വിശപ്പ് നിയന്ത്രിക്കുന്നു
– ഭക്ഷണം കഴിച്ച് തൃപ്തി തോന്നുന്നതിന് സഹായിക്കുന്നു.
– വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
– ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഗുണകരമാണ്.

പ്രായമായവരുടെ പോഷകാഹാരം മെച്ചപ്പെടുത്തുന്നു

പ്രായമായവരുടെ രുചിയും മണവും അനുഭവിക്കാനുള്ള കഴിവ് കുറയുമ്പോൾ, എം.എസ്.ജി ചേർക്കുന്നത് ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കുന്നു. ഇത് ഭക്ഷണം കഴിക്കാനുള്ള താൽപര്യം വർധിപ്പിക്കുകയും പോഷകാഹാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.എം.എസ്.ജി ഉപയോഗിക്കുമ്പോൾ മിതത്വം പാലിക്കുകയും വൈവിധ്യമാർന്ന ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് പ്രധാനമാണ്. ഭക്ഷ്യ സുരക്ഷാ അധികാരികൾ എം.എസ്.ജി പൊതുവേ സുരക്ഷിതമാണെന്ന് കണക്കാക്കുന്നു.

തീരെ അപകടം കുറഞ്ഞ ഒരു സാധനമായിട്ടും ഇതിനെ ആളുകൾ എന്തിനാണ് ഇത്രയും പേടിക്കുന്നത് എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്. പണ്ടെപ്പോഴോ ആരോ പറഞ്ഞ കാര്യങ്ങൾ പിന്നെയും ആവർത്തിച്ചു നടക്കുന്ന ആളുകളുടെ ശ്രദ്ധയ്ക്ക്….. അജിനോമോട്ടോ അത്ര വലിയ ഭീകരൻ ഒന്നുമല്ല….

STORY HIGHLIGHT: is ajinomoto harmful to health

Latest News