Kerala

ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ല; ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ – kalladikkode accident

പനയമ്പാടത്ത് 4 വിദ്യാർഥികളുടെ ജീവനെടുത്ത അപകടത്തിനു കാരണമായ ലോറിയുടെ ഡ്രൈവറും ക്ലീനറും കാസര്‍കോട് സ്വദേശികള്‍. ഇരുവരും പരുക്കുകളോടെ പാലക്കാട് മദര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് കസ്റ്റഡിയിലെടുത്ത ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. മഹേന്ദ്ര പ്രസാദ് എന്നയാളാണ് ലോറിയുടെ ഡ്രൈവര്‍. വര്‍ഗീസ് എന്ന ആളാണ് ക്ലീനര്‍. വർഗീസിന്റെ കാലിനു പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന്റെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡിൽ തെന്നലുണ്ടായിരുന്നു ചാറ്റൽ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി നൽകി. ഇരുവരുടെയും രക്ത സാംപിളുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും.

അപകടം നടന്ന സ്ഥലത്ത് പൊലീസും മോട്ടേര്‍ വാഹന വകുപ്പും പരിശോധന നടത്തി. വാഹനത്തിലുള്ള ലോഡിന്‍റെ ഭാരം കൃത്യമായിരുന്നു. പനയമ്പാടത്തെ സ്ഥിരം അപകട വളവിൽ 4 വിദ്യാർഥിനികളുടെ മരണത്തിനിടയാക്കിയ അപകടം ഇന്ന് വൈകിട്ടാണ് നടന്നത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവർ മരിച്ചു.

STORY HIGHLIGHT: kalladikkode accident