Automobile

കരുത്ത് തെളിയിച്ച് കണ്‍ട്രിമാന്‍; ഇനി പടയോട്ടം 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംങുമായി | mini countryman bags 5 star safety rating

മിനി കണ്‍ട്രിമാന്‍ യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിരിക്കുകയാണ്.

ഇന്ത്യയിലെ വണ്ടി ഭ്രാന്തന്മാർക്കിടയിൽ ജനപ്രിയമായ ഒരു വിദേശ കാർ ബ്രാൻഡ് ആണ് മിനി. ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥയിലാണ് ഈ ബ്രിട്ടീഷ് ബ്രാൻഡ് ഇപ്പോഴുള്ളത്. ജനപ്രിയമായ ഈ കാർ ബ്രാൻഡ് സെലിബ്രിറ്റികൾക്കിടയിൽ അതും പ്രത്യേകിച്ച് നടിമാർക്കിടയിൽ വളരെ പ്രശസ്തമാണ്. പലതാരങ്ങളും ഈ ബ്രാൻഡിലെ കാർ ഇപ്പോൾ തന്നെ സ്വന്തമാക്കിയിട്ടുണ്ട്.. ഒതുക്കമുള്ള ഡിസൈനില്‍ പെര്‍ഫോമന്‍സും ആഡംബരവും സംയോജിപ്പിച്ച് എത്തുന്ന മിനി കാറുകള്‍ സമ്പന്നര്‍ക്കിടയിലും ജനപ്രിയമാണ്. മിനിയുടെ പ്രശസ്തമായ മോഡലുകളില്‍ ഒന്നാണ് കണ്‍ട്രിമാന്‍. ഇപ്പോഴിതാ മിനി കണ്‍ട്രിമാന്‍ യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിരിക്കുകയാണ്.

കാറിന്റെ സേഫ്റ്റി നിര്‍ണയിക്കാന്‍ യൂറോ NCAP വിവിധ തലത്തിലുള്ള ക്രാഷ് ടെസ്റ്റിംഗുകള്‍ക്ക് ആണ് വിധേയമാക്കിയത്. കാറിന്റെ വശങ്ങളും മുൻഭാഗവും എല്ലാം ടെസ്റ്റിൽ കാര്യക്ഷമമായി പ്രവർത്തിച്ചതോടെ കണ്‍ട്രിമാന്‍ അതിന്റെ നിലവാരം തെളിയിക്കുകയാണ് ഉണ്ടായത്.

മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ മാത്രമല്ല കുട്ടികളുടെ സുരക്ഷയിലും മിനി കണ്‍ട്രിമാന്‍ മികച്ച് നിന്നു. യാത്രക്കാര്‍ക്ക് മാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്കും ഏറ്റവും മികച്ച സുരക്ഷ നല്‍കാന്‍ ഈ കാറിന് കഴിയുമെന്ന് ക്രാഷ് ടെസ്റ്റ് വെളിപ്പെടുത്തി. ഈ കാറില്‍ അപകടം ഒഴിവാക്കാനുള്ള ഫീച്ചര്‍ മിനി വാഗ്ദാനം ചെയ്യുന്നു. ഇത് കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നു. വിപുലമായ സുരക്ഷാ സംവിധാനങ്ങളുമായാണ് മിനി കണ്‍ട്രിമാന്‍ വരുന്നത്.

എമര്‍ജന്‍സി ബ്രേക്കിംഗ് സിസ്റ്റം, എമര്‍ജന്‍സി അലാറം, ഒന്നിലധികം എയര്‍ബാഗുകള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ മിനി കണ്‍ട്രിമാനിന്റെ സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടുന്നു. മിനി കണ്‍ട്രിമാന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നുണ്ടെങ്കിലും ഇലക്ട്രിക് പതിപ്പില്‍ മാത്രമാണ് വാങ്ങാന്‍ സാധിക്കുക. മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക്കിന്റെ ഇന്ത്യയിലെ പ്രാരംഭ വില 54.90 ലക്ഷം രൂപയാണ്. ഒതുക്കമുള്ള നല്ല ഭംഗിയുള്ള ഡിസൈനില്‍ വരുന്ന ഇവിയില്‍ 5 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം.

വൃത്താകൃതിയിലുള്ള ഡിജിറ്റല്‍ സ്‌ക്രീന്‍, മള്‍ട്ടി-ഫംഗ്ഷന്‍ കണ്‍ട്രോളുകളുള്ള ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, സെല്‍ ഫോണ്‍ കണക്റ്റിവിറ്റി എന്നിവ ഈ കാറില്‍ വരുന്ന പ്രധാന സവിശേഷതകളാണ്. മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 462 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ഇവി ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണക്കുന്നതിനാല്‍ അക്കാര്യത്തിലും ബേജാറ് വേണ്ട്. ബാറ്ററി 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ വെറും 29 മിനിറ്റ് സമയം മാത്രം മതി. യൂറോപ്പില്‍ വില്‍ക്കുന്ന കണ്‍ട്രിമാനെയാണ് യൂറോ NCAP സേഫ്റ്റി റേറ്റിംഗ് ബാധകമാകുക എന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഒരുപക്ഷേ ഭാവിയില്‍ ഈ കാര്‍ ഇന്ത്യയുടെ സ്വന്തം ഭാരത് NCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയേക്കാം.

ഇന്ത്യയില്‍ നിലവില്‍ വില്‍പ്പനക്കെത്തുന്ന മൂന്ന് ഇലക്ട്രിക് കാറുകള്‍ ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്. ടാറ്റയുടെ പഞ്ച് ഇവി, നെക്‌സോണ്‍ ഇവി, കര്‍വ് ഇവി എന്നിവയാണവ. മിനി കണ്‍ട്രിമാന്‍ ഇവി പോലെ വില കൂടിയ കാറുകള്‍ ഇതുവരെ ഭാരത് NCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിട്ടില്ല. സേഫ്റ്റി റേറ്റിംഗ് കൂടി ആളുകള്‍ കാര്‍ വാങ്ങുമ്പോള്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ കമ്പനി ഒരുപക്ഷേ അതിന് തയാറായേക്കും.

STORY HIGHLIGHT: mini countryman bags 5 star safety rating