കല്ലടിക്കോട് പനയമ്പാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്‌കൂള്‍ വിദ്യാർഥിനികളുടെയും കബറടക്കം വെള്ളിയാഴ്ച നടക്കും. രാവിലെ ആറോടെ മൃതദേഹങ്ങൾ ആശുപത്രിയിൽനിന്ന് വീടുകളിൽ എത്തിക്കും. രണ്ടു മണിക്കൂർനേരം ഇവിടെ പൊതുദർശനം ഉണ്ടാകും. കുട്ടികൾ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്കൂളിൽ പൊതുദർശനം ഉണ്ടായിരിക്കില്ല.
8.30-ഓടെ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരും. 10 മണിവരെ ഇവിടെ പൊതുദർശനത്തിനുവെച്ചശേഷം കബറടക്കത്തിനായി തുപ്പനാട് ജുമാമസ്ജിദിലേക്ക് മൃതദേഹങ്ങൾ എത്തിക്കും. വെള്ളിയാഴ്ച ആയതിനാലും നാല് മൃതദേഹങ്ങൾ മറവു ചെയ്യുന്നതിന് കൂടുതൽ സമയം വേണമെന്നതിനാലുമാണ് സ്കൂളിലെ പൊതുദർശനം ഒഴിവാക്കിയത്.
അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍-സജ്‌ന ദമ്പതികളുടെ മകള്‍ അയിഷ, പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക്,-സജീന ദമ്പതികളിടെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലീം- നബീസ ദമ്പതികളിടെ മകള്‍ നിദ ഫാത്തിമ, അബ്ദുള്‍ സലാം- ഫരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറില്‍ എന്നിവരാണ് അപകടത്തിൽ മരിച്ചത്.
STORY HIGHLIGHT: palakkad lorry accident death