മറ്റൊരാൾക്കൊപ്പം പങ്കാളി പോയതിന് മറുപങ്കാളിക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന് ഹൈകോടതി. പരസ്ത്രീ പരപുരുഷ സംഗമവും അവിഹിത ബന്ധങ്ങളും വിവാഹമോചനത്തിനല്ലാതെ നഷ്ടപരിഹാരത്തിന് കാരണമാകില്ലന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
മറ്റൊരാൾക്കൊപ്പം ഭാര്യ ഒളിച്ചോടിപ്പോയതിനെത്തുടർന്നുണ്ടായ മനോവ്യഥക്കും മാനഹാനിക്കും ഭർത്താവിന് നാലുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന തിരുവനന്തപുരം കുടുംബ കോടതി ഉത്തരവ് ചോദ്യംചെയ്ത് ഭാര്യ സമർപ്പിച്ച അപ്പീൽ ഹരജി തീർപ്പാക്കിയാണ് ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം.
20 ലക്ഷം രൂപ നഷ്ടപരിഹാരവും സ്വർണവും പണവും തിരിച്ചുനൽകണമെന്നുമായിരുന്നു ആവശ്യം. തുടർന്നാണ് നാലുലക്ഷം നൽകാൻ ഉത്തരവായത്. എന്നാൽ, ഭർത്താവിന്‍റെയും മാതാപിതാക്കളുടെയും അവഹേളനംമൂലമാണ് വീടുവിട്ടതെന്നും വീട് വിടുന്ന ദിവസവും അതിന് തൊട്ടുമുമ്പുള്ള ദിവസവും തന്നെ ഭർത്താവും വീട്ടുകാരും ക്രൂരമായി മർദിച്ചെന്നുമാണ് ഭാര്യയുടെ ആരോപണം. സ്വന്തം വീട്ടിലേക്ക് പോന്ന താൻ പിന്നീടാണ് ബന്ധുവായ പ്രവീൺ എന്നയാൾക്കൊപ്പം താമസം തുടങ്ങിയതെന്നും യുവതി പറഞ്ഞു.
STORY HIGHLIGHT: extra marital affair is not a reason to pay compensation