കല്ലടിക്കോട് പനയമ്പാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്‌കൂള്‍ വിദ്യാർഥിനികളുടെയും കബറടക്കം ഇന്ന് നടക്കും. രാവിലെ ആറോടെ മൃതദേഹങ്ങൾ ആശുപത്രിയിൽ നിന്ന് വീടുകളിൽ എത്തിക്കും. രണ്ടു മണിക്കൂർനേരം ഇവിടെ പൊതുദർശനം ഉണ്ടാകും. രാവിലെ 8.30-ന് തുപ്പനാട് കരിമ്പനയ്‌ക്കൽ ഹാളിൽ പൊതുദ൪ശനത്തിനെ വെക്കും. പിന്നീട് 10.30 ന് തുപ്പനാട് ജുമാമസ്ജിൽ ഖബറടക്കും. കുട്ടികൾ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്കൂളിൽ പൊതുദർശനം ഉണ്ടായിരിക്കില്ല. സ്കൂളിനു ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളിൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
നാലുമണിക്കായിരുന്നു അപകടം. ലോറി ഉയര്‍ത്തി പുറത്തെടുത്ത മൂന്നുകുട്ടികളെ ഇസാഫ് ആശുപത്രിയിലും ഒരാളെ മദര്‍ കെയര്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ നാലുപേരും മരണത്തിന് കീഴടങ്ങി. പൊലീസ് വാഹനത്തിന്റെ അകമ്പടിയോടെ ജില്ലാ ആശുപത്രിയിലേക്ക് മൃതദേഹം എത്തിക്കുകയായിരുന്നു. വൈകിട്ട് 6.20ടെ മൂന്ന് ആംബുലന്‍സുകളും ഏഴോടെ നാലാമത്തെ ആംബുലന്‍സും കുട്ടികളുടെ മൃതദേഹവുമായി ജില്ലാ ആശുപത്രിയിലെത്തി. ഇതിനോടകം തന്നെ മോര്‍ച്ചറി പരിസരം ജനസാഗരമായിരുന്നു.
കേട്ടറിഞ്ഞവരും കണ്ടറിഞ്ഞവരുമായി നൂറുകണക്കിനാളുകളാണ് ഇവിടെയെത്തിയത്. പൊട്ടിക്കരഞ്ഞുകൊണ്ട് കുട്ടികളുടെ ബന്ധുക്കളും എത്തിത്തുടങ്ങി. കുഞ്ഞുമക്കളെ ഒരുനോക്ക് കാണണം എന്നുപറഞ്ഞ് കരഞ്ഞുതളര്‍ന്ന അമ്മമാരെയും സഹോദരങ്ങളെയും ആശ്വസിപ്പിക്കാന്‍ കൂടെയെത്തിയവര്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല. സ്‌കൂളില്‍ നിന്നുള്ള അധ്യാപകരും മോര്‍ച്ചറി പരിസരത്തെത്തിയിരുന്നു. പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ രാത്രി ഏഴോടെ തുടങ്ങിയ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ 9.45ടെ അവസാനിച്ചു. കല്ലടിക്കോട്, പാലക്കാട് ടൗണ്‍നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു.