സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ തിരുവനന്തപുരത്ത് നിന്നും അറസ്റ്റ് ചെയ്തു. മലയിൻകീഴ് സ്വദേശി രാഹുൽ ,കരകുളം സ്വദേശി വിജിത്ത് എന്നിവരെയാണ് വട്ടപ്പാറ പൊലീസ് പിടികൂടിയത്. കേശവദാസപുരം സ്വദേശി ശ്യാമിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. പ്രതികളിലൊരാളായ രാഹുലിന്‍റെ കൈയ്യിൽ നിന്നും ശ്യാം പത്തുലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ പണം ശ്യാം തിരികെ നൽകിയില്ല. പലതവണ ചോദിച്ചിട്ടും പണം കിട്ടാതായി. ഇതേ തുടർന്നാണ് ശ്യാമിനെ യുവാക്കൾ വിളിച്ച് വരുത്തി ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. രാഹുലിൻെറ ഭാര്യയെ ഉപയോഗിച്ച് ശ്യാമിനെ വട്ടപ്പാറയിൽ ഉത്സവം നടക്കുന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു ആക്രമണം.
രാഹുലിൻെറ ഭാര്യ പറഞ്ഞതനുസരിച്ച് വട്ടപ്പായിലേക്ക് ശ്യാമെത്തി. ഈ സമയം ആയുധങ്ങളുമായി കാത്തു നിന്ന പ്രതികൾ ശ്യാമിനെ വാഹനത്തിൽ കയറി ഉപദ്രവിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിൽ പരിക്കേറ്റ ശ്യാം ചികിത്സയിലാണ്. ഇയാളുടെ പരാതിയിൽ വട്ടപ്പാറ എസ്എച്ച്ഒ ശ്രീജിത്തിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.