പാലക്കാട് പനയമ്പാടത്ത് അപകടത്തില്‍ മരിച്ച വിദ്യാർഥികളുടെയും മൃതദേഹം വീടുകളിലെത്തിച്ചു. പാലക്കാട് ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ രാവിലെ ആറ് മണിയോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. എട്ടര മുതല്‍ തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. പത്തരയോടെ തുപ്പനാട് മസ്ജിദില്‍ ഒന്നിച്ചായിരിക്കും നാല് കുട്ടികളുടെയും സംസ്കാരം. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് നാട് കുട്ടികളുടെ ജീവനെടുത്ത ദാരുണമായ അപകടമുണ്ടായത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. കുട്ടികളുടെ മുകളിലേക്ക് സിമന്‍റ് ലോറി മറിയുകയായിരുന്നു. അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍-സജ്‌ന ദമ്പതികളുടെ മകള്‍ അയിഷ, പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക്,-സജീന ദമ്പതികളിടെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലാം- ഫരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറില്‍ എന്നിവരാണ് മരിച്ചത്.
അതേസമയം, അപകടത്തില്‍പ്പെട്ട ലോറിയിലെ ജീവനക്കാരുടെ വിശദമായ മൊഴി പൊലീസ് ഇന്നെടുക്കും. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ലോറി ഡ്രൈവർ മഹേന്ദ്ര പ്രസാദിന്‍റെയും ക്ലീനർ വർഗീസിൻ്റെയും മൊഴിയാണ് പൊലീസ് രേഖപ്പെടുത്തുക.