തമിഴ്നാട്ടില്‍ ഇന്നും ശക്തമായ മഴ തുടരുന്നു. 16 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 15 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട് . തെങ്കാശി, തിരുനെല്‍വേലി ജില്ലകളിലാണ് അതിശക്തമായ മഴ തുടരുന്നത്. ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇന്നലെ കുറ്റാലത്ത് മലവെള്ളപ്പാച്ചില്‍ ഉണ്ടായി. തെങ്കാശിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ഇന്നും പ്രവേശനം ഉണ്ടാകില്ല. 2 ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കത്തിപ്പാറ, പൂനമല്ലി, പോരൂര്‍, മധുരവോയല്‍, വ്യാസര്‍പാടി, ചെന്നൈ നഗരപ്രാന്തങ്ങളില്‍ റോഡില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി വിവിധയിടങ്ങളില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായി. തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, കാഞ്ചീപുരം എന്നിവിടങ്ങളിലും വില്ലുപുരത്തും കാവേരി ഡെല്‍റ്റ മേഖലയിലെ ചില പ്രദേശങ്ങളിലും ഇന്നലെ രാത്രി കനത്ത മഴ പെയ്ത് വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.