ഡൽഹിയിൽ വീണ്ടും സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. മൂന്ന് സ്കൂളുകൾക്കാണ് ഫോൺ കാൾ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടർന്ന് ഇന്നത്തെ ക്ലാസുകൾ നിർത്തിവെച്ചിരിക്കുകയാണ്. അഗ്നിശമനസേനയും പൊലീസ് ഉദ്യോഗസ്ഥരും ഉടൻ തന്നെ സ്ഥലത്തെത്തി സമഗ്രമായ തിരച്ചിൽ നടത്തി. സംശയാസ്പദമായ വസ്തുക്കളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. പശ്ചിമ വിഹാറിലെ ഭട്‌നഗർ ഇൻ്റർനാഷണൽ സ്‌കൂൾ, ശ്രീനിവാസ് പുരിയിലെ കേംബ്രിഡ്ജ് സ്‌കൂൾ, ഈസ്റ്റ് ഓഫ് കൈലാഷിലെ ഡിപിഎസ് അമർ കോളനി എന്നിവിടങ്ങളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.
കഴിഞ്ഞ ദിവസം 40 ലേറെ സ്കൂളുകൾക്ക് സമാന രീതിയിൽ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇ-മെയിൽ സന്ദേശം വഴിയാണ് ഭീഷണി എത്തിയത്. വിവിധ സ്കൂൾ പരിസരങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നും സ്ഫോടനുമുണ്ടായാൽ വലിയ നാശനഷ്ടങ്ങളുണ്ടാകുമെന്നുമായിരുന്നു സന്ദേശം. ആർകെ പുരത്തുള്ള ദില്ലി പബ്ലിക് സ്കൂൾ, പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക പബ്ലിക് സ്കൂൾ എന്നിവയ്ക്കു നേരെയാണ് ആദ്യം ഭീഷണി സന്ദേശമെത്തിയത്. പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണി. സംഭവത്തിൻ്റെ ഭാഗമായി വിദ്യാർഥികളെ സ്കൂൾ അധികൃതർ തിരികെ വീട്ടിലേക്ക് അയക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. സംഭവത്തിൽ ദില്ലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമാന രീതിയിൽ ഇന്നും ഭീഷണി സന്ദേശം സ്കൂളുകൾക്ക് ലഭിച്ചിരിക്കുന്നത്.