2024 പൂർത്തിയാവാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത ഇന്ത്യക്കാരിൽ ഒന്നാമതെത്തിയിരിക്കുകയാണ് ഗുസ്തി താരം വിനേഷ് ഫോഗട്ട്. സാധാരണ എല്ലാ വർഷവും ക്രിക്കറ്റ് താരങ്ങളാണ് ഗൂഗിൾ സെർച്ചിൽ ഒന്നാമതായി വരാറുള്ളത്. എന്നാൽ ഇത്തവണ സാംസണോ രോഹിത് ശർമയോ ഹാർദിക് പാണ്ഡ്യയോ വിരാട് കോഹ്ലിയോ ഒന്നും ലിസ്റ്റിൽ ഇടം പിടിച്ചില്ല. പാരീസ് ഒളിമ്പിക്സ് വിവാദങ്ങൾ തന്നെയാണ് വിനേഷിന് ലോക ശ്രദ്ധ നേടിക്കൊടുത്തത്. വിനേഷ് കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചതെല്ലാം വലിയ വിവാദമായിരുന്നു, ഈ വിഷയങ്ങളിൽ എല്ലാം അന്തർദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയും വന്നിരുന്നു. ശേഷം ഹരിയാന തിരഞ്ഞെടുപ്പിൽ താരം കോൺഗ്രസിന് വേണ്ടി മത്സരിക്കുകയും ചെയ്തു.
2024 പാരീസ് ഒളിമ്പിക്സിൽ ഇന്ത്യ ചരിത്രം കുറിച്ച് മെഡൽ നേട്ടങ്ങൾ സ്വന്തമാക്കിയെങ്കിലും, നേട്ടങ്ങളുടെ പകിട്ട് മങ്ങിപ്പോയത് വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയോടെയാണ്. വനിതാ ഗുസ്തിയിൽ 50 കിലോഗ്രാം ഗുസ്തി ഫ്രീസ്‌റ്റൈലിൽ ഫൈനലിലെത്തിയതായിരുന്നു വിനേഷ് ഫോഗട്ട്. ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രം സൃഷ്ടിച്ച്, മണിക്കൂറുകൾക്കകം നടന്ന ഭാരപരിശോധനയിൽ പരാജയപ്പെടുകയായിരുന്നു. 100 ഗ്രാം അധികഭാരം കണ്ടെത്തിയതിനെത്തുടർന്ന് വിനേഷ് ഫോഗട്ടിന് അയോഗ്യത കൽപ്പിക്കുകയായിരുന്നു. ഇതോടെ ഉറപ്പായ വെള്ളിയും നഷ്ടപ്പെട്ടു. ഒരു കായിക താരത്തിന് അത്രയും ഭാര വ്യത്യാസം വരിക സാധാരണമാണ്. അത് കുറയ്ക്കുക പ്രയാസമുള്ള കാര്യമല്ല. ഇക്കാര്യങ്ങൾ ടീം ലീഡർമാർക്ക് നേരത്തെ മനസിലാക്കിയില്ല എന്ന കാര്യമാണ് ഇവിടെ പ്രതിസന്ധി സൃഷ്ടിച്ചത്. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്ത മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ സമരത്തിൽ മുൻനിരയിലുണ്ടായിരുന്ന താരമാണ് വിനേഷ് ഫോഗട്ട്. അയോഗ്യതയ്ക്ക് പിന്നാലെ രാഷ്ട്രീയ നീക്കങ്ങൾ നടന്നെന്ന ആരോപണവും അന്ന് ഉയർന്നു വന്നിരുന്നു.
ഗൂഗിളിന്റെ സെർച്ച് ലിസ്റ്റിൽ ആദ്യ പത്തിൽ പിന്നീടുള്ള കായിക താരം ഹർദിക് പാണ്ഡ്യയാണ്. മുംബൈ ക്യാപ്റ്റനായുള്ള വിവാദവും ഭാര്യ നടാഷയുമായുള്ള വിവാഹമോചനവും താരത്തിന് വാർത്തകളിൽ ഇടം നേടിക്കൊടുത്തു. നാലാമനായാണ് താരം ലിസ്റ്റിൽ കയറിയത്. കഴിഞ്ഞ ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് ആളുമാറി ലേലത്തിലെത്തിച്ച ശശാങ്ക് സിങ് സെർച്ച് ലിസ്റ്റിൽ ആറാമതെത്തി. ആദ്യ പത്തിൽ പിന്നീട് ഉള്ള കായികതാരം ഒമ്പതാമതുള്ള അഭിഷേക് ശർമയാണ്.