ഒറ്റപ്പാലം: കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് പനയമ്പാടത്ത് അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം പൊതുദർശനത്തിന് വച്ച സ്ഥലത്ത് കാണാൻ സാധിക്കുന്നത്. മാതാപിതാക്കളെയും സുഹൃത്തുക്കളെയും ആശ്വസിപ്പിക്കാൻ പോലും നാട്ടുകാർക്കും കുടുംബക്കാർക്കും പറ്റാതെയായി. ചിരിച്ചു കളിച്ചു നടന്ന നാല് പേർ ഇനി തങ്ങൾക്കൊപ്പം ഇല്ല എന്ന സത്യത്തെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ഇപ്പോഴും അംഗീകരിക്കാൻ സാധിക്കുന്നില്ല.
അധികൃതർ ഒന്ന് കണ്ണ് തുറന്നിരുന്നുവെങ്കിൽ ഒരുപക്ഷേ ഈ വലിയ അപകടം നടക്കുമായിരുന്നില്ല. സ്ഥിരം അപകടമേഖലയായ ഇവിടെ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ആറുമാസം മുൻപ് നൽകിയ റിപ്പോർട്ട് ആരും പരിഗണിച്ചിരുന്നില്ല. റോഡിന്റെ അപാകമാണ് ഇവിടെ നിരവധി അപകടങ്ങൾക്ക് ഇടയാകുന്നത് എന്നതിനാൽ വേഗ നിയന്ത്രണ സംവിധാനം ഒരുക്കണമെന്നായിരുന്നു റിപ്പോർട്ടിലെ പ്രധാന നിർദേശം.
മോട്ടോര്‍വാഹനവകുപ്പിന്റെ ആവശ്യപ്രകാരം പാലക്കാട് ഐ.ഐ.ടി. വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട്. റോഡ് സുരക്ഷാ കൗണ്‍സില്‍വഴി പൊതുമരാമത്ത് ദേശീയപാതാ വിഭാഗത്തിനാണ് ഇത് കൈമാറിയത്.
70 കിലോമീറ്റര്‍ വേഗത്തില്‍വരെ സഞ്ചരിക്കാവുന്ന റോഡാണെങ്കിലും അപകടസാഹചര്യം മുന്‍നിര്‍ത്തി 30 കിലോമീറ്ററാക്കി പരമാവധി വേഗം ചുരുക്കിയിരുന്നു. ഇത് വ്യക്തമാക്കുന്ന സൂചനാബോര്‍ഡുണ്ടെങ്കിലും ആരുടെയും ശ്രദ്ധയില്‍പ്പെടുമായിരുന്നില്ല. അതിനാല്‍ റോഡില്‍തന്നെ വാഹനവേഗം കുറയ്ക്കണമെന്ന് വ്യക്തമാക്കുന്ന കട്ടികൂടിയ മാര്‍ക്കുകള്‍വേണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. ഒരേദിശയില്‍ പോവുന്ന വാഹനങ്ങള്‍ മറികടക്കുന്നത് നിരോധിച്ചുള്ള അറിയിപ്പ് വെക്കാനും നിര്‍ദേശമുണ്ടായിരുന്നു. വളവുകളില്‍ വശംമാറി സഞ്ചരിക്കുന്നത് ഒഴിവാക്കാന്‍ ഡെലിനേറ്ററുകള്‍ സ്ഥാപിക്കാനായിരുന്നു മറ്റൊരു നിര്‍ദേശം.
റോഡും അരികിലെ മണ്ണും തമ്മില്‍ ഉയരവ്യത്യാസമുണ്ട്. രണ്ട് വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മണ്ണിലേക്കിറങ്ങാതിരിക്കാന്‍ വാഹനങ്ങള്‍ ശ്രമിക്കുമ്പോള്‍ അപകടമുണ്ടാകാനിടയുണ്ട്. ഇത് പരിഹരിക്കാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശങ്ങളൊന്നും നടപ്പായില്ല.
നേരത്തെ ഇവിടെ വളവില്‍ വാഹനങ്ങള്‍ക്ക് ഗ്രിപ്പ് കിട്ടാന്‍ റോഡ് പരുക്കനാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് അപകടങ്ങള്‍ കുറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് റോഡിന്റെ പരുക്കന്‍ സ്വഭാവം മാറി. വീണ്ടും റോഡ് പരുക്കനാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് പൊതുമരാമത്ത് വകുപ്പിനോട് നിര്‍ദേശിച്ചിരുന്നു.
അധികൃതര്‍ ഒന്ന് കണ്ണുതുറന്നിരുന്നെങ്കില്‍ ആ നാല് ജീവനുകള്‍ നമുക്ക് രക്ഷിക്കാനാകുമായിരുന്നു. അപകടമേഖലയെന്ന റിപ്പോര്‍ട്ടുണ്ടായിട്ടും അനങ്ങാതിരുന്ന ഉദ്യോഗസ്ഥരും ഭരണകൂടവുമാണ് പാലക്കാട്ടെ നാല് വിദ്യാര്‍ഥിനികളുടെ മരണത്തിന് ഉത്തരവാദി.
പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ കരിമ്പ പനയംപാടത്ത് പരീക്ഷകഴിഞ്ഞ് മടങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മുകളിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി മറിഞ്ഞാണ് അപകടം ഉണ്ടായത്. കരിമ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനികളായ കരിമ്പ ചെറൂളി പേട്ടേത്തൊടിവീട്ടില്‍ അബ്ദുള്‍ റഫീഖിന്റെയും ജസീനയുടെയും മകള്‍ റിദ ഫാത്തിമ (13), പള്ളിപ്പുറം വീട്ടില്‍ അബ്ദുള്‍ സലാമിന്റെയും ഫാരിസിന്റെയും മകള്‍ ഇര്‍ഫാന ഷെറിന്‍ (13), കവുളേങ്ങല്‍ വീട്ടില്‍ അബ്ദുള്‍ സലീമിന്റെയും നബീസയുടെയും മകള്‍ നിദ ഫാത്തിമ (13), അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്റെയും സജ്നയുടെയും മകള്‍ ആയിഷ (13) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ കാസര്‍കോട് സ്വദേശികളായ ലോറി ഡ്രൈവര്‍ വര്‍ഗീസ്(51), ക്ലീനര്‍ മഹേന്ദ്രപ്രസാദ്(28) എന്നിവര്‍ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
STORY HIGHLIGHT: mvd report saying panayampadam not safe