ആലപ്പുഴ: നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ആറ് മെഡിക്കൽ വിദ്യാർത്ഥികളുടെ ജീവൻ നഷ്ടമായ അപകടത്തിന് പിന്നാലെ വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ സമയ നിയന്ത്രണം ഏർപ്പെടുത്തി. ഒന്നാം വർഷ വിദ്യാർത്ഥികൾ രാത്രി 7.30 ക്കുള്ളില്‍ ഹോസ്റ്റലിൽ കയറണം എന്നാണ് തീരുമാനം. താൽക്കാലിക ക്രമീകരണം ഏർപ്പെടുത്താനാണ് മെഡിക്കൽ കോളേജ് പിടിഎ യോഗത്തിൽ ധാരണയായത്.
ഹോസ്റ്റലിൽ സമയ ക്രമീകരണം വേണമെന്ന് പിടിഎ യോഗത്തിൽ മാതാപിതാക്കളാണ് ആവശ്യപ്പെട്ടത്. ആലപ്പുഴ മെഡിക്കൽ കോളേജിന് വേണ്ടി മാത്രമായി സമയം പുനർക്രമീകരിക്കാൻ സാധിക്കില്ലെന്നും ഇക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിക്കുമെന്നും പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി അറിയിച്ചു. മെഡിക്കൽ കോളേജിന് ചുറ്റുമതിൽ നിർമിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് നൽകിയെന്നും പ്രിൻസിപ്പൽ പിടിഎ യോഗത്തില്‍ അറിയിച്ചു. അതേസമയം, അപകടത്തിൻ്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് തുടർ കൗൺസിലിങ്ങ് നൽകും. ആദ്യ വർഷ വിദ്യാർത്ഥികൾക്ക് മാത്രമാണ് കൗൺസിലിങ്ങ്.
ആലപ്പുഴ എടത്വ സ്വദേശിയാണ് ആൽബിൻ ജോർജ്, പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായിരുന്നു എല്ലാവരും.
കാറിൽ 11 പേരുണ്ടായിരുന്നു ഉണ്ടായിരുന്നത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്നു യുവാക്കള്‍. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. കാറിലുണ്ടായിരുന്ന മറ്റുള്ളവർ ചികിത്സയിൽ തുടരുകയാണ്.
STORY HIGHLIGHT: time restriction in vandanam mc hostel