ദിവസവും പഴങ്ങൾ ധാരാളം കഴിക്കുന്നവരുണ്ട്. പഴങ്ങൾ ഏതു സമയത്തും കഴിക്കാവുന്നതാണ്. പോഷക സമ്പുഷ്ടമായ പഴങ്ങൾ കഴിക്കുന്നത് സമീകൃതാഹാരത്തിനുള്ള മികച്ച മാർഗമായി കണക്കാക്കപ്പെടുന്നു. ദിവസവും ഒരു പഴം എങ്കിലും കഴിച്ചിരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കാറുള്ളത്. അങ്ങനെയെങ്കിൽ, പഴങ്ങൾ ധാരാളം കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമോ?. അമിതമായി പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും, പ്രത്യേകിച്ച് കരളിനെ എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
പഴങ്ങൾ കഴിക്കുന്നതിലൂടെ വലിയ അളവിൽ ഫ്രക്ടോസ് കരളിൽ എത്തുന്നു. ദീർഘനാൾ ഇങ്ങനെ എത്തുന്ന അധിക ഫ്രക്ടോസ് കരൾ കൊഴുപ്പാക്കി മാറ്റുന്നു. ഇത് മദ്യം കഴിക്കാതെയുള്ള ഫാറ്റി ലിവർ രോഗത്തിലേക്ക് നയിക്കുന്നുവെന്ന് ന്യൂട്രീഷ്യനിസ്റ്റ് കവിത ദേവ്ഗൺ പറഞ്ഞു. പെട്ടെന്ന് ശരീര ഭാരം കുറയ്ക്കാൻ ഫ്രൂട്ട് ഡയറ്റിലേക്ക് പോകുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അതൊരിക്കലും ശുപാർശ ചെയ്യുന്നില്ലെന്ന് ഡോ.ഉദയ് സംഗ്ലോദ്കർ പറഞ്ഞു. പഴങ്ങൾ അമിതമായി കഴിക്കുന്നത് കരളിന് ഹാനികരമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. കാരണം പഴങ്ങളിലെ ഫ്രക്ടോസ് കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്നു, ഇത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) ലേക്ക് നയിക്കുന്നു. എന്നാൽ ഈ അവകാശവാദം തെളിയിക്കാൻ പഠനങ്ങളൊന്നുമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പഴങ്ങൾ അമിതമായി കഴിക്കുന്നത് കരൾ രോഗത്തിന് കാരണമാകുമെന്ന് തെളിയിക്കാൻ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും, പഴങ്ങൾ അമിതമായി കഴിക്കുന്നത് ചില പാർശ്വഫലങ്ങൾക്ക് ഇടയാക്കുമെന്ന് ഡോ.സംഗ്ലോദ്കർ പറഞ്ഞു. ഫൈബറും പ്രകൃതിദത്ത പഞ്ചസാരയും അടങ്ങിയതിനാൽ പഴങ്ങളുടെ അമിത ഉപഭോഗം വയറിളക്കം, മലബന്ധം എന്നിവയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പഴങ്ങളിലെ പ്രകൃതിദത്ത ആസിഡുകളും പഞ്ചസാരയും ദന്തക്ഷയം പോലുള്ള ദന്ത പ്രശ്നങ്ങൾക്ക് കാരണമാകും. അമിതമായ പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ ഇടയാക്കും. പ്രമേഹം, ഹൈപ്പർ ഗ്ലൈസീമിയ അല്ലെങ്കിൽ പാൻക്രിയാറ്റിക് പ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു.