Kerala

അന്ത്യയാത്രയിലും അവർ ഒന്നിച്ച്‌; നാല് വിദ്യാർഥികൾക്കും അന്ത്യാഞ്ജലി അർപ്പിച്ച്‌ വൻ ജനാവലി | panayambadam accident funeral at thumbanad juma masjid

അടുത്തടുത്തായി തയ്യാറാക്കിയ നാലു ഖബറുകളിലാണ് പെൺകുട്ടികളുടെ ഖബറടക്കം നടന്നത്.

പാലക്കാട്: കുഞ്ഞുനാൾ മുതൽ ഒന്നിച്ച് ആയിരുന്ന കൂട്ടുകാർ മരണത്തിലും ഒന്നിച്ചിരിക്കുന്നു. പനയമ്പാടത്തെ അപകടത്തിൽ മരിച്ച നാല് പേരുടെയും കബറടക്കം പൂർത്തിയായി. തുപ്പനാട് ജുമാമസ്ജിദിൽ കണ്ണീരോടെയാണ് നാട് അവർക്ക് വിട നൽകിയത്. ഒന്നിച്ചു കൈപിടിച്ച് നടന്ന അവരെ ഇനി കാണാൻ സാധിക്കില്ലല്ലോ എന്ന വിതുമ്പലോടെയാണ് സഹപാഠികൾ അവർക്ക് വിട നൽകിയത്.  പെൺകുട്ടികളെ അവസാന നോക്കുകാണാൻ നൂറ് കണക്കിനാളുകളാണ് പള്ളിയിലും വീട്ടിലും പൊതുദർശനത്തിന് വെച്ച ഹാളിലും എത്തിയത്. അടുത്തടുത്തായി തയ്യാറാക്കിയ നാലു ഖബറുകളിലാണ് പെൺകുട്ടികളുടെ ഖബറടക്കം നടന്നത്.

പരീക്ഷയെഴുതി സ്കൂളിൽനിന്നു വീട്ടിലേക്കു നടന്നുപോവുമ്പോൾ ലോറി ദേഹത്തേക്കു മറിഞ്ഞാണു കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ, ചെറുള്ളി അബ്ദുൽ സലാമിന്റെ മകൾ ഇർഫാന ഷെറിൻ, അബ്ദുൽ റഫീഖിന്റെ മകൾ റിദ ഫാത്തിമ, സലാമിന്റെ മകൾ നിദ ഫാത്തിമ, ഷറഫുദ്ദീന്റെ മകൾ എ.എസ്.ആയിഷ എന്നിവർ മരിച്ചത്. ഇവരുടെ സഹപാഠി അജ്ന ഷെറിൻ പരുക്കില്ലാതെ രക്ഷപ്പെട്ടു. പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ ഒട്ടേറെ അപകടമരണങ്ങൾ നടന്ന കരിമ്പ പനയംപാടം വളവിൽ ഇന്നലെ 3.40നായിരുന്നു അപകടം.

പാലക്കാട്ടുനിന്നു മണ്ണാർക്കാട് ഭാഗത്തേക്കു സിമന്റ് കയറ്റിപ്പോയ ലോറി എതിർദിശയിൽ വന്ന ലോറിയുടെ പിൻഭാഗത്ത് ഇടിച്ച് ഇടതുവശത്തേക്കു പാഞ്ഞു കയറി വിദ്യാർഥിനികളുടെ ദേഹത്തേക്കു മറിയുകയായിരുന്നു. അപകടം നടന്നയുടൻ സിമന്റ്പൊടി പറന്നതിനാൽ കുറച്ചു നേരത്തേക്ക് ഒന്നും വ്യക്തമായില്ല. പിന്നീടു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സിമന്റ് ലോഡ് മാറ്റി ലോറി ഉയർത്തിയ ശേഷമാണ് അടിയിൽ കുടുങ്ങിയ വിദ്യാർഥിനികളെ പുറത്തെടുക്കാനായത്. തുടർന്ന് ക്രെയിൻ ഉപയോഗിച്ചു ലോറി മാറ്റി കൂടുതൽ പേർ അടിയിൽ ഇല്ലെന്ന് ഉറപ്പാക്കി. 5 പേരും പതിവായി ഒരുമിച്ചാണ് സ്കൂളിൽ പോയി വന്നിരുന്നത്. നാട്ടുകാരാണു രക്ഷാപ്രവർത്തനത്തിനു തുടക്കമിട്ടത്.

STORY HIGHLIGHT: panayambadam accident funeral at thumbanad juma masjid