കൊച്ചി: മൂവാറ്റുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയ കേസിൽ മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച് കോടതി. എം കെ നാസറിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് തീരുമാനം. 9 വർഷമായി ജയിലിൽ കഴിയുന്നു എന്ന വാദം അംഗീകരിച്ചാണ് നടപടി.
അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിന്റെ മുഖ്യസൂത്രധാരൻ എന്ന പേരിലാണ് എം കെ നാസർ അറിയപ്പെട്ടിരുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ മുൻ ജില്ലാ ഭാരവാഹി ആയിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ നാസറിനെ ഏറെക്കാലത്തെ തെരച്ചതിന് ശേഷമാണ് പിടികൂടിയത്.
2010ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചോദ്യ പേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻസ് കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്‍റെ കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. കുറ്റകൃത്യത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് 2011-ൽ കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
42 ഓളം പേരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നത്. ഇതിൽ 2015-ൽ ആദ്യഘട്ട വിധി പ്രസ്താവിച്ചിരുന്നു. അന്ന് 31 പ്രതികളാണ് വിചാരണ നേരിട്ടത്. ഇതിൽ നിന്ന് 18 പേരെ ഒഴിവാക്കിയിരുന്നു. പത്ത് പ്രതികൾക്ക് എട്ട് വർഷം തടവ് ശിക്ഷയും കോടതി വിധിച്ചിരുന്നു.
STORY HIGHLIGHT: prof t j joseph hand chopping case accused sentence suspended