India

വിവാഹമോചനം നേടിയ ശേഷം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം; ഗവേഷക വിദ്യാർത്ഥിനിയെ പീഡിപ്പിച്ച എസിപിയ്ക്കെതിരെ നടപടി | kanpur acp

26 വയസുകാരിയെ വിവാഹ വാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചത്

കാൻപൂർ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-കാൻപൂർ റിസർച്ച് സ്‌കൂളിലെ ഗവേഷക വിദ്യാർത്ഥിനിയെ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ പീഡിപ്പിച്ചതായി ആരോപണം. ഇതോടെ ആരോപണവിധേയനായ മൊഹമ്മദ് മൊഹ്സിൻ ഖാനെ ചുമതലകളിൽ നിന്ന് മാറ്റിയിരിക്കുകയാണ്. വ്യാഴാഴ്ചയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് മാറ്റിയത്. 26 വയസുകാരിയെ വിവാഹ വാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചത്.

ഉത്തർ പ്രദേശിലെ പ്രൊവിൻഷ്യൽ പൊലീസിലെ 2013 ബാച്ച് ഉദ്യോഗസ്ഥനെതിരെയാണ് ഗുരുതര ആരോപണം. ലക്നൌവ്വിലെ ഡിജിപി ഹെഡ്ക്വാട്ടേഴ്സിലേക്കാണ് ഉദ്യോഗസ്ഥനെ നിലവിൽ മാറ്റിയിട്ടുള്ളത്. ആരോപണം പ്രത്യേക സംഘം അന്വേഷിക്കുമെന്നാണ് പൊലീസ് വിശദമാക്കിയിട്ടുള്ളത്. കല്യാൺപൂർ പൊലീസ് സ്റ്റേഷനിലാണ് എസിപിക്കെതിരായ കേസ് വ്യാഴാഴ്ച രേഖപ്പെടുത്തിയിട്ടുള്ളത്. മൊഹമ്മദ് മൊഹ്സിൻ ഖാനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് ഡെപ്യൂട്ടി കമ്മീഷണർ അങ്കിത ശർമ്മ മാധ്യമങ്ങളോട് വിശദമാക്കിയത്. അഞ്ചംഗ സംഘം ആരോപണം അന്വേഷിക്കുമെന്നും അങ്കിത ശർമ്മ വിശദമാക്കി.

സൈബർക്രൈം ക്രിമിനോളജിയിലും പിഎച്ച്ഡി പഠനത്തിനായി മൊഹമ്മദ് മൊഹ്സിൻ ഖാൻ അഞ്ച് മാസം മുൻപ് ഐഐടി കാൻപൂരിൽ അഡ്മിഷനെടുത്തിരുന്നു. ഇവിടെ പഠിക്കുന്ന കാലത്താണ് ഗവേഷക വിദ്യാർത്ഥിനിയുമായി എസിപി അടുക്കുന്നത്. ഭാര്യയെ വിവാഹ മോചനം ചെയ്ത ശേഷം വിവാഹം ചെയ്യാമെന്ന വാഗ്ദാനം നൽകിയ ശേഷം ഇയാൾ 26കാരിയായ ഗവേഷക വിദ്യാർത്ഥിനിയുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്നു. എന്നാൽ പിന്നീട് വിദ്യാർത്ഥിനിയെ ഇയാൾ അവഗണിക്കാൻ തുടങ്ങിയതോടെയാണ് 26കാരി പൊലീസിനെ സമീപിച്ചത്.

ഡിസിപി അങ്കിത ശർമ്മ ക്യാംപസിലെത്തി പരാതിക്കാരിയുടെ മൊഴി ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. വിദ്യാർത്ഥിനി നൽകിയ പരാതിയേക്കുറിച്ച് ധാരണയുണ്ടെന്നും ഗവേഷക വിദ്യാർത്ഥിനിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും ഐഐടി കാൻപൂർ അധികൃതർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

STORY HIGHLIGHT: kanpur acp accused of rape case