Kerala

ഭാര്യ ഒളിച്ചോടി പോയതിന്‍റെ പേരിൽ ഭർത്താവിന് നഷ്ടപരിഹാരം നൽകാനാവില്ല; നാലുലക്ഷം നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് റദ്ദാക്കി | family court

വിവാഹേതര ബന്ധങ്ങൾ വിവാഹമോചനത്തിന് അല്ലാതെ നഷ്ടപരിഹാരത്തിന് കാരണമാകുന്നില്ല എന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം

തിരുവനന്തപുരം: ഭാര്യ ഒളിച്ചോടി പോയതിന്‍റെ പേരിൽ ഭർത്താവിന് നഷ്ടപരിഹാരം നൽകാനുള്ള കുടുംബ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിവാഹേതര ബന്ധങ്ങൾ വിവാഹമോചനത്തിന് അല്ലാതെ നഷ്ടപരിഹാരത്തിന് കാരണമാകുന്നില്ല എന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.

ഭർത്താവിന് നാലുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനായിരുന്നു തിരുവനന്തപുരം കുടുംബ കോടതിയുടെ ഉത്തരവ്. ഭർത്താവിന് ഉണ്ടായ മനോവേദനയ്ക്കും മാനഹാനിക്കും നഷ്ടപരിഹാരം എന്ന നിലയിൽ ആയിരുന്നു വിധി. 2006 വിവാഹിതരായ ദമ്പതികളുടെ കേസിൽ ആയിരുന്നു തിരുവനന്തപുരം കുടുംബ കോടതിയുടെ ഉത്തരവ്. വിവാഹം നടന്ന് ആറു വർഷത്തിനുശേഷം പണവും സ്വർണാഭരണങ്ങളുമായി ഭാര്യവീട് വിട്ടുപോയി എന്നായിരുന്നു ഭർത്താവ് ആരോപിച്ചിരുന്നത്. നഷ്ടപരിഹാരമായി 20 ലക്ഷം രൂപയും പണവും സ്വർണവും തിരികെ വേണമെന്നും ആയിരുന്നു ആവശ്യം. ഇതേത്തുടർന്നാണ് 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കുടുംബ കോടതി ഉത്തരവിട്ടിരുന്നത്. ഈ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണങ്ങൾ.

വിവാഹേതര ബന്ധങ്ങൾ വിവാഹമോചനത്തിന് കാരണമായി കാട്ടാം എങ്കിലും അതുമൂലം ഉണ്ടാകുന്ന മാനസിക വ്യഥയ്ക്ക് നഷ്ടപരിഹാരം തേടാൻ ഇന്ത്യയിൽ ഒരിടത്തും വ്യവസ്ഥയില്ലെന്ന് കോടതി പറഞ്ഞു. പരസ്ത്രീ, പരപുരുഷഗമനം ഭാരതീയ ന്യായ സംഹിത പ്രകാരം കുറ്റകരമല്ല. സ്ത്രീക്ക് ലൈംഗിക സ്വാതന്ത്ര്യവും അന്തസ്സും അനുവദിക്കുന്നതാണ് നിയമം. സ്ത്രീയുടെ ലൈംഗികത ഭർത്താവിന്റെ സ്വത്താണ് എന്ന് വ്യാഖ്യാനിക്കപ്പെടുന്നിടത്ത് നിയമപരമായ അവകാശം ലംഘിക്കപ്പെടുകയാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹം എന്നത് സിവിൽ കരാർ ആണെന്നും പങ്കാളിയുടെ സ്വഭാവവുമായി അതിനെ ബന്ധപ്പെടുത്തി സ്വത്വവകാശത്തിന് അർഹതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

STORY HIGHLIGHT: husband can’t be compensated for his wife’s extra marital affair