Tech

വിവോ എക്‌സ്200 സീരീസ് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍; 50,000ന് മുകളില്‍ വില? | vivo-x200

50 മെഗാപിക്‌സലിന്‍റെ മൂന്ന് സെന്‍സറുകള്‍ ഉള്‍പ്പെടുന്നതാണ് റീയര്‍ ക്യാമറ സംവിധാനം

ന്യൂഡൽഹി: ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വിവോ എക്സ്200 ഫ്ലാഗ്‌ഷിപ്പ് സിരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. എക്‌സ്200, എക്‌സ്200 പ്രോ എന്നീ മോഡലുകളാണ് ഈ സിരീസിലുള്ളത്. അത്യാധുനികമായ ക്യാമറ സാങ്കേതികവിദ്യകള്‍ സഹിതം പ്രീമിയം സൗകര്യങ്ങളോടെയാണ് വിവോ എക്‌സ്200 സിരീസ് ഇറക്കിയിരിക്കുന്നത്. ഇരു മോഡലുകളും മീഡിയടെക് ഡൈമന്‍സിറ്റി 9400 ചിപ്പില്‍ നിര്‍മിച്ചിരിക്കുന്നവയാണ്.

എക്‌സ്200, എക്‌സ്200 പ്രോ എന്നീ രണ്ട് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍ അടങ്ങുന്നതാണ് വിവോ എക്സ്200 സിരീസ്. എന്നാല്‍ ചൈനയില്‍ അവതരിപ്പിച്ചിരുന്ന എക്സ്200 മിനി വേരിയന്‍റ് വിവോ ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടില്ല. അടുത്ത മാസം രാജ്യത്തേക്ക് വരാനിരിക്കുന്ന വണ്‍പ്ലസ് 13ന് കടുത്ത മത്സരം ലക്ഷ്യമിട്ടാണ് എക്സ് സിരീസ് വിവോ ഇന്ത്യയില്‍ അവതരിപ്പിച്ചത്. വിവോ എക്സ്200ന്‍റെ 12 ജിബി റാം, 256 ജിബി സ്റ്റോറേജ് അടിസ്ഥാന വേരിയന്‍റിന്‍റെ വില 65,999 രൂപയാണ്. അതേസമയം വിവോ എക്സ്200 പ്രോയുടെ 16 ജിബി റാം + 512 ജിബി സ്റ്റോറേജ് ഫോണിന്‍റെ വില 94,999 രൂപയും.

വിവോ എക്‌സ്200 സവിശേഷതകള്‍

6.67 ഇഞ്ച് ഒഎല്‍ഇഡി എല്‍ടിപിഎസ് ക്വാഡ് ഡിസ്‌പ്ലെയിലുള്ളതാണ് വിവോ എക്സ്200 സ്മാര്‍ട്ട്‌ഫോണ്‍. 4,500 നിറ്റ്സാണ് കൂടിയ ബ്രൈറ്റ്‌നസ്. 90 വാട്‌സ് വയേര്‍ഡ് ചാര്‍ജിംഗോടെ 5,800 എംഎഎച്ചിന്‍റെ ബാറ്ററി ഉള്‍പ്പെടുന്നു. 50 മെഗാപിക്‌സലിന്‍റെ മൂന്ന് സെന്‍സറുകള്‍ ഉള്‍പ്പെടുന്നതാണ് റീയര്‍ ക്യാമറ സംവിധാനം. 50 എംപി സോണി ഐഎംഎക്സ്921 പ്രൈമറി സെന്‍സറും 50 എംപി ഐഎംഎക്സ്882 ടെലിഫോട്ടോ ലെന്‍സും 80 എംപി അള്‍ട്രാ-വൈഡ്-ആംഗിള്‍ ക്യാമറും ഉള്‍പ്പെടുന്നതാണിത്.

വിവോ എക്‌സ്200 പ്രോ സവിശേഷതകള്‍

കൂടുതല്‍ പ്രീമിയം ഫീച്ചറുകള്‍ നിറഞ്ഞതാണ് വിവോ എക്‌സ്200 പ്രോ. ഡിസ്‌പ്ലെ സമാന അളവിലാണെങ്കിലും എല്‍ടിപിഒയിലേക്ക് അപ്‌ഗ്രേഡ‍് ചെയ്തിട്ടുണ്ട്. 1.63 എംഎം സ്ലിം ബെസ്സെല്‍സ്, 200 എംപി സ്സീസ് എപിഒ ടെലിഫോട്ടോ സെന്‍സര്‍, വിവോ വി3+ ഇമേജിംഗ് ചിപ്, 4കെ എച്ച്‌ഡിആര്‍ സിനിമാറ്റിക് പോട്രൈറ്റ് വീഡിയോ, 60fps 10-ബിറ്റ് ലോംഗ് വീഡിയോ റെക്കോര്‍ഡിംഗ്, 90 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗോടെ 6,000 എംഎഎച്ച് ബാറ്ററി എന്നിവ വിവോ എക്‌സ്200 പ്രോയിലുണ്ട്.

content highlight: vivo-x200-and-x200-pro-launched-in-india