Kerala

‘അപകടം എനിക്ക് പറ്റിയ പിഴവ്’; പനയമ്പാടത്തെ അപകടത്തിൽ ലോറി ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്തു | panayambadam accident

മനപ്പൂർവമുള്ള നരഹത്യ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്

പാലക്കാട്: പനയമ്പാടത്തെ അപകടത്തിൽ ലോറി ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്ത് പോലീസ്. വഴിക്കടവ് സ്വദേശി പ്രജീഷ് ജോണിനെതിരെയാണ് കേസ്. മനപ്പൂർവമുള്ള നരഹത്യ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അപകടം തനിക്ക് പറ്റിയ പിഴവാണെന്ന് പ്രജീഷ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. നാല് വിദ്യാ‌ർത്ഥികളാണ് അപകടത്തിൽ മരിച്ചത്.

അതേസമയം, സ്ഥിരം അപകടം നടക്കുന്ന പനയമ്പാടത്ത് പ്രശ്നം പരിഹരിക്കാനായി കളക്ടറുടെ നേത‍ൃത്വത്തിൽ യോഗം തുടങ്ങി. മന്ത്രി കെ കൃഷ്ണൻകുട്ടി, കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി, പ്രാദേശിക നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മലപ്പുറം എസ്പി ആർ വിശ്വനാഥ്, എഡിഎംപി സുരേഷ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. ആദ്യം ഉദ്യോഗസ്ഥതല യോ​ഗം നടന്ന ശേഷമായിരിക്കും മറ്റു യോ​ഗം നടക്കും. ഇതിന് ശേഷം നാട്ടുകാരുടെ പരാതികൂടി കേൾക്കും.

പരീക്ഷയെഴുതി സ്കൂളിൽനിന്നു വീട്ടിലേക്കു നടന്നുപോവുമ്പോൾ ലോറി ദേഹത്തേക്കു മറിഞ്ഞാണു കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ, ചെറുള്ളി അബ്ദുൽ സലാമിന്റെ മകൾ ഇർഫാന ഷെറിൻ, അബ്ദുൽ റഫീഖിന്റെ മകൾ റിദ ഫാത്തിമ, സലാമിന്റെ മകൾ നിദ ഫാത്തിമ, ഷറഫുദ്ദീന്റെ മകൾ എ.എസ്.ആയിഷ എന്നിവർ മരിച്ചത്. ഇവരുടെ സഹപാഠി അജ്ന ഷെറിൻ പരുക്കില്ലാതെ രക്ഷപ്പെട്ടു. പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ ഒട്ടേറെ അപകടമരണങ്ങൾ നടന്ന കരിമ്പ പനയംപാടം വളവിൽ ഇന്നലെ 3.40നായിരുന്നു അപകടം.

പാലക്കാട്ടുനിന്നു മണ്ണാർക്കാട് ഭാഗത്തേക്കു സിമന്റ് കയറ്റിപ്പോയ ലോറി എതിർദിശയിൽ വന്ന ലോറിയുടെ പിൻഭാഗത്ത് ഇടിച്ച് ഇടതുവശത്തേക്കു പാഞ്ഞു കയറി വിദ്യാർഥിനികളുടെ ദേഹത്തേക്കു മറിയുകയായിരുന്നു. അപകടം നടന്നയുടൻ സിമന്റ്പൊടി പറന്നതിനാൽ കുറച്ചു നേരത്തേക്ക് ഒന്നും വ്യക്തമായില്ല. പിന്നീടു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സിമന്റ് ലോഡ് മാറ്റി ലോറി ഉയർത്തിയ ശേഷമാണ് അടിയിൽ കുടുങ്ങിയ വിദ്യാർഥിനികളെ പുറത്തെടുക്കാനായത്. തുടർന്ന് ക്രെയിൻ ഉപയോഗിച്ചു ലോറി മാറ്റി കൂടുതൽ പേർ അടിയിൽ ഇല്ലെന്ന് ഉറപ്പാക്കി. 5 പേരും പതിവായി ഒരുമിച്ചാണ് സ്കൂളിൽ പോയി വന്നിരുന്നത്. നാട്ടുകാരാണു രക്ഷാപ്രവർത്തനത്തിനു തുടക്കമിട്ടത്.

STORY HIGHLIGHT: lorry driver confessed panayambadam accident